പഠനം ഇനി പ്രാക്‌ടിക്കലാകും , 12 തൊഴിൽ മേഖലയിൽ പ്രാഥമിക അറിവ്
സ്‌കൂളുകളിൽ തൊഴിലും പഠിക്കാം ; പ്രത്യേക പുസ്‌തകം തയ്യാറാക്കി , രാജ്യത്ത് ആദ്യം


ബിജോ ടോമി
Published on Jun 06, 2025, 01:00 AM | 1 min read
തിരുവനന്തപുരം
രാജ്യത്ത് ആദ്യമായി സ്‌കൂളിൽ തൊഴിൽപഠനത്തിന് പുസ്‌തകങ്ങൾ തയ്യാറാക്കി കേരളം. പുസ്‌തകങ്ങൾ 15നകം വിദ്യാർഥികളുടെ കൈയിലെത്തുമെന്ന് എസ്‌സിഇആർടി റിസർച്ച് ഓഫീസർ ഡോ. രഞ്‌ജിത് സുഭാഷ് പറഞ്ഞു. നിലവിൽ എസ്‌സിഇആർടി വെബ്‌സൈറ്റിൽ ലഭ്യമാണ്.
ആഴ്‌ചയിൽ ഒരു പിരീഡെങ്കിലും പ്രവൃത്തിപരിചയത്തിനെന്നാണ് കേരള വിദ്യാഭ്യാസ ചട്ടം. അഞ്ചുമുതൽ മുതൽ എട്ടുവരെ ക്ലാസ്സുകളിൽ മൂന്നു പിരീഡും ഒമ്പതിൽ രണ്ടും പത്തിൽ ഒന്നും ഉറപ്പാക്കണമെന്ന് 2015ൽ പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നു. എന്നാൽ പലപ്പോഴും ഈ പിരീഡുകൾ കണക്കിനും ഇംഗ്ലീഷിനുമെല്ലാമായി വഴിമാറ്റുന്നു. ഇത് മാറ്റി തൊഴിൽപഠനം പ്രാക്‌ടിക്കലാക്കുകയാണ് സംസ്ഥാന സർക്കാർ.
തൊഴിൽ ഉദ്‌ഗ്രഥനത്തിന് അഞ്ച്–ഏഴ്, എട്ട്–പത്ത് ക്ലാസുകൾക്ക് ഒന്നുവീതം അധ്യാപക പഠനസഹായി മാത്രമാണ് ഉണ്ടായിരുന്നത്. ഈ അധ്യയന വർഷം മുതൽ അഞ്ചിലും ആറിലും ഒരു പാഠപുസ്‌തകമുണ്ടാകും. 10 തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഏഴിലും എട്ടിലും 12 തൊഴിൽമേഖലകൾ പഠിപ്പിക്കും.
ഒമ്പതിലും പത്തിലും 12 പുസ്‌തകങ്ങൾ. ഒമ്പതാംക്ലാസ്സുകാരെ താൽപ്പര്യമുള്ള മേഖലകളിൽ സൂക്ഷ്‌മമായി ഇടപെടാനും പ്രവർത്തനത്തിലേർപ്പെട്ട് നൈപുണികൾ ആർജിക്കാനും പത്താംക്ലാസ്സുകാരെ പൊതുപഠനത്തിനുശേഷം ഏതു മേഖലയിലേക്ക് മാറണം എന്നു തീരുമാനിക്കാനും തൊഴിൽസംരംഭക–- ഉന്നതപഠന സാധ്യതകൾ അന്വേഷിക്കാനും പ്രാപ്തരാക്കുംവിധമാണ് പുസ്‌തകങ്ങൾ.
സംസ്ഥാനത്ത് അറുന്നൂറോളം വർക്ക് എഡ്യുക്കേഷൻ അധ്യാപകരുണ്ട്. അധ്യാപകരില്ലാത്ത സ്‌കൂളുകളിൽ മറ്റു വിഷയങ്ങളുമായി ഉൾച്ചേർത്താകും പഠിപ്പിക്കുക. അവധിക്കാല അധ്യാപക പരിശീലനത്തിൽ ഇതിനാവശ്യമായ നിർദേശം നൽകിയിരുന്നു.
തൊഴിൽ മേഖലകൾ
● കൃഷി
● മാധ്യമങ്ങളും വിനോദവും
● ഭക്ഷ്യവ്യവസായം
● ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്
● ധനകാര്യം
● പാർപ്പിട നിർമാണം
● വസ്‌ത്ര നിർമാണം
● ടൂറിസം
● പാഴ്‌വസ്‌തു സംസ്‌കരണം
● പ്ലമ്പിങ്
● കരകൗശലം
●പ്രിന്റ് ആൻഡ് സ്റ്റേഷനറി









0 comments