സിഎംഎഫ്ആർഐ പഠനം
കേരളം, കർണാടക തീരത്ത് ചത്തടിയുന്ന തിമിംഗിലങ്ങളുടെ എണ്ണത്തിൽ 10 മടങ്ങ് വർധന

സ്വന്തം ലേഖിക
Published on Aug 16, 2025, 08:21 AM | 1 min read
കൊല്ലം: കേരളം, കർണാടക തീരങ്ങളിൽ ചത്തടിയുന്ന തിമിംഗിലങ്ങളുടെ എണ്ണത്തിൽ വൻ വർധന. ചത്തടിയുന്ന തിമിംഗിലങ്ങളുടെ എണ്ണം ഒരു ദശകത്തിനുള്ളിൽ പത്തുമടങ്ങായി വർധിച്ചെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ (സിഎംഎഫ്ആർഐ) പഠനത്തിൽ വ്യക്തമാകുന്നു. 2004-–2013 കാലത്ത് വർഷം 0.3 ശതമാനമായിരുന്നത് 2013–-2023ൽ മൂന്നുശതമാനമായി വർധിച്ചെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്ത്യയിലെ സമുദ്രസസ്തനികളുമായി ബന്ധപ്പെട്ട ദേശീയ ഗവേഷണ പ്രൊജക്ടിന് കീഴിൽ സീനിയർ സയന്റിസ്റ്റ് ആർ രതീഷ് കുമാർ രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പഠനം. പഠന റിപ്പോർട്ട് ഗവേഷണ പ്രബന്ധമായ റീജണൽ സ്റ്റഡീസ് ഇൻ മറൈൻ സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ചു. കപ്പൽ ഗതാഗതവും മീൻപിടിത്തബോട്ടുകളും വർധിച്ചത്, പാരിസ്ഥിതിക ഘടകങ്ങൾ, ആഴം കുറഞ്ഞ തീരക്കടൽ എന്നിവ തിമിംഗിലങ്ങളുടെ ജീവഹാനിക്ക് ആക്കം കൂട്ടുന്നതായി പഠന റിപ്പോർട്ടിൽ പറയുന്നു. കടലിലെ ശബ്ദമലിനീകരണം, കപ്പൽ അപകടങ്ങൾ, സ്വാഭാവിക ആവാസകേന്ദ്രങ്ങളുടെ തകർച്ച എന്നിവയും തിമിംഗിലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നുണ്ട്.
ബ്രൈഡ്സ് ഇനം തിമിംഗിലങ്ങളാണ് ചത്തടിയുന്നതിൽ ഏറെയും. 2023ൽ നടത്തിയ സർവേയിൽ ഒമ്പത് തിമിംഗിലങ്ങളുടെ ജഡം തീരത്തടിഞ്ഞതായി കണ്ടെത്തി. മൺസൂൺ സീസണിന്റെ അവസാനമായ ആഗസ്ത്– നവംബർ മാസങ്ങളിലാണിത്.
കാലവർഷത്തോട് അനുബന്ധിച്ച് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് വർധിക്കുന്ന ചാള, അയല, നെത്തോലി എന്നിവയെ ഭക്ഷിക്കാൻ എത്തുന്ന തിമിംഗിലങ്ങൾ കരയോടുചേർന്ന ആഴം കുറഞ്ഞ പ്രദേശങ്ങളിൽ കുടുങ്ങി ചാകുന്നതും പതിവാണ്. പ്രക്ഷുബ്ധമായ കടലിൽ ദിശയറിയാനുള്ള ശേഷി നഷ്ടപ്പെട്ടും ഇവ തീരത്തെത്തുന്നു.
സമുദ്ര ഉപരിതല താപനില വർധിക്കുന്നതിനാൽ ആവാസവ്യവസ്ഥയിലുണ്ടാകുന്ന തടസ്സങ്ങളും തിമിംഗിലങ്ങൾ തീരക്കടലുകളിലേക്ക് ഒഴുകിപ്പോകാൻ ഇടയാക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.
വേണം സംരക്ഷണ പദ്ധതി
തിമിംഗിലങ്ങളുടെ വംശനാശത്തിനുതന്നെ കാരണമായേക്കാവുന്ന ഗുരുതര സാഹചര്യം ഒഴിവാക്കാൻ ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള സംരക്ഷണ പദ്ധതി വേണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തത്സമയ മുന്നറിയിപ്പുകളും തിമിംഗില സംരക്ഷണ ശൃംഖലകളും ആവശ്യമാണ്. മത്സ്യത്തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം, വിവരശേഖരണത്തിന് സിറ്റിസൺ സയൻസ് ശക്തിപ്പെടുത്തൽ എന്നിവയും അനിവാര്യമാണ്.









0 comments