print edition സര്‍ക്കാര്‍ നിര്‍ദേശം പങ്കുവച്ചു; ഡീനിന് താല്‍ക്കാലിക വിസിയുടെ നോട്ടീസ്

സ്വന്തം ലേഖിക
Published on Aug 17, 2025, 12:44 AM | 1 min read
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പ് കോളേജുകള്‍ക്ക് നൽകാന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അയച്ചതിന് ഡീനിനോട് വിശദീകരണം ചോദിച്ച് സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി. ആര്‍എസ്എസ് താല്‍പ്പര്യപ്രകാരം വിഭജനഭീതി ദിനം ആചരിക്കണമെന്ന ചാൻസലറുടെ സർക്കുലര്‍ നടപ്പാക്കേണ്ടെന്ന് അറിയിച്ചുള്ള സര്‍ക്കാര്‍ നിര്‍ദേശമാണ് കെടിയു ഡീന്‍ ഡോ. വിനു തോമസ് കോളേജുകള്‍ക്ക് അയച്ചത്. ഈ വിഷയത്തില്‍ അഞ്ച് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്. കത്ത് അയക്കേണ്ടത് രജിസ്ട്രാറാണെന്നാണ് വിസിയുടെ വാദം. അതേസമയം സ്വാതന്ത്ര്യദിനത്തിന് ബദലായുള്ള ചാന്‍സലറുടെ സര്‍ക്കുലര്‍ സര്‍വകലാശാല പിആര്‍ഒ ചുമതല വഹിക്കുന്ന കോൺഗ്രസ് അനുകൂല സംഘടന നേതാവ് കോളേജുകള്‍ക്ക് അയച്ചിരുന്നു. ഇതിന് താല്‍ക്കാലിക വിസിയുടെ പൂര്‍ണസമ്മതം ഉണ്ടായിരുന്നു. രജിസ്ട്രാറാണ് സര്‍ക്കുലറുകള്‍ അയക്കേണ്ടതെന്ന വാശിപിടിക്കുന്ന സംഘപരിവാര്‍ വിസി മനപൂര്‍വം കോണ്‍ഗ്രസ് നേതാവിനെ സംരക്ഷിക്കുകയാണ്. സാങ്കേതിക സര്‍വകലാശാല ചട്ടപ്രകാരം ഭരണപരമായ നിർദേശങ്ങൾ ഒഴികെ ദിനാചരണങ്ങൾ, അക്കാദമിക കാര്യങ്ങൾ, സ്റ്റുഡന്റസ് ആക്ടിവിറ്റീസ് എന്നിവയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഡീൻ അക്കാദമിക്സ് ആണെന്നിരിക്കെയാണ് നീക്കം. മാത്രമല്ല കെടിയുവില്‍ ഡീനിനെ സിൻഡിക്കറ്റ് നിർദേശപ്രകാരം സർക്കാരാണ് നിയമിക്കുന്നത്. അതിനാല്‍, ഡീനിനെതിരെ അച്ചടക്ക നടപടിയെടുക്കേണ്ട ചുമതല സിന്‍ഡിക്കറ്റിനാണ്. സിൻഡിക്കറ്റ് അംഗം കൂടിയാണ് ഡോ. വിനു തോമസ്. ചാന്‍സലറുടെ പ്രീതിക്കായി കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരെ നടപടിയെടുത്തതിന് സമാനമായ നീക്കമാണ് സാങ്കേതിക സര്‍വകലാശാലയിലും സംഘപരിവാര്‍ അനുകൂലികള്‍ പയറ്റുന്നത്.









0 comments