കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
താൽക്കാലിക വിസി : ഗവർണറുടെ വിജ്ഞാപനം റദ്ദാക്കണമെന്ന് സർക്കാർ

ന്യൂഡൽഹി
സുപ്രീംകോടതി നിർദേശം മറികടന്നും ചട്ടം ലംഘിച്ചും ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാർക്ക് പുനർനിയമനം നൽകിയ ഗവർണറുടെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
സർക്കാർ ശുപാർശ ചെയ്യുന്ന പട്ടികയിൽ നിന്നാവണം നിയമനം നടത്തേണ്ടതെന്ന സുപ്രീംകോടതി നിർദേശം ചാൻസലർ കൂടിയായ ഗവർണർ അട്ടിമറിച്ചുവെന്ന് സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ വ്യക്തമാക്കുന്നു.
സാങ്കേതിക സർവകലാശാല നിയമത്തിലെ വകുപ്പ് 13 (7), ഡിജിറ്റൽ സർവകലാശാല നിയമത്തിലെ വകുപ്പ് 11(10) എന്നിവ ചാൻസലർ ലംഘിച്ചു. സർക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ഗവർണർ തീരുമാനമെടുത്തത്. നിലവിലുള്ള താൽക്കാലിക വിസിമാർക്കും പുതിയ വ്യക്തികൾക്കും നിയമനം നൽകിയുള്ള വിജ്ഞാപനം പുറത്തിറക്കാമെന്ന ഉത്തരവിലെ ഭാഗമാണ് ഗവർണർ ദുരുപയോഗിച്ചത്.
അതേസമയം, സർക്കാരിന്റെ അഭിപ്രായം മാനിക്കണമെന്ന ഭാഗം അട്ടിമറിച്ചു. ഇത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണ്. അതിനാൽ വിജ്ഞാപനങ്ങൾ റദ്ദാക്കണം.
ഡോ. സിസ തോമസിനു ഡിജിറ്റൽ സർവകലാശാലയിലും കെ ശിവപ്രസാദിനു സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വിസിമാരായി ആറുമാസത്തേക്കുകൂടി പുനർനിയമനം നൽകി ആഗസ്‌ത് ഒന്നിനാണ് വിജ്ഞാപനമിറക്കിയത്.
ആറുമാസത്തിൽക്കൂടുതൽ സമയം ഇവർക്ക് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. രണ്ടിടത്തും സ്ഥിരം വിസിമാരെ നിയമിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങാൻ സംസ്ഥാന സർക്കാരിനും നിർദേശമുണ്ട്.
ഗവർണർ സർക്കാരുമായി സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേസ് ബുധനാഴ്‌ച ജസ്‌റ്റിസുമാരായ ജെ ബി പർദ്ദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് പരിഗണിക്കും.









0 comments