സർക്കാർ സ്കൂൾ താൽക്കാലിക നിയമനം; പിഎസ്‌സി ചുരുക്കപ്പട്ടികയിൽ പ്രായത്തിന് മുൻഗണന


സ്വന്തം ലേഖകൻ
Published on May 25, 2025, 04:21 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പിഎസ്‌എസി ചുരുക്കപ്പട്ടികയിൽനിന്ന് ദിവസവേതനാടിസ്ഥാനത്തിലുള്ള താൽകാലിക നിയമനങ്ങളിൽ പ്രായക്കൂടുതലുള്ളവർക്ക് മുൻഗണന. നിയമനത്തിന് പ്രഥമ പരിഗണന ജില്ലാ പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥിക്കാണ്. റാങ്ക് ലിസ്റ്റിന്റെ അഭാവത്തിൽ ചുരുക്കപ്പട്ടിക പരിഗണിക്കും. ദിവസവേതന നിയമന കാലയളവിലെ ആനുകൂല്യം ഭാവിയിൽ പിഎസ്‌സി വഴിയുള്ള സ്ഥിരനിയമനത്തിന് പരിഗണിക്കില്ല. പുതിയ അധ്യയനവർഷം സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽകാലിക നിയമനത്തിന് മാർഗ നിർദേശം ഇറക്കി. 30 ദിവസത്തിലധികവും ഒരു അക്കാദമിക് വർഷത്തിൽ താഴെയും ദൈർഘ്യമുള്ള അധ്യാപക, അനധ്യാപക ഒഴിവുകളാണ് നികത്താനുള്ളത്. സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ നമ്പർ, പ്രായം എന്ന ക്രമത്തിൽ പരിഗണന ലഭിക്കും. ഒരു സ്ഥാപനത്തിൽ ഒരാൾക്ക് പരമാവധി അഞ്ചുതവണയേ നിയമനം നൽകൂ. നിയമനങ്ങളിൽ മെറിറ്റ്, സംവരണം എന്നിവ 1:1 അനുപാതത്തിൽ ആയിരിക്കും. കെ- ടെറ്റ് അല്ലെങ്കിൽ സെറ്റ് യോഗ്യതയുള്ളവർക്കാകും നിയമനം. താൽകാലിക അധ്യാപകരുണ്ടെങ്കിലും സ്ഥിരം ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം. വീഴ്‌ച വരുത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിലവിലുള്ള സർക്കാർ നിർദേശപ്രകാരം അധ്യാപകരെ നിയോഗിക്കണം. എയ്‌ഡഡ് സ്‌കൂളുകളിൽ മാനേജർമാരാണ് സർക്കാർ നിർദേശപ്രകാരം നിയമനം നടത്തേണ്ടത്.









0 comments