സാങ്കേതിക തകരാർ പരിഹരിക്കാനായില്ല; ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും

photo credit: CISF X
തിരുവനന്തപുരം : സൈനികാഭ്യാസത്തിനിടെ അടിയന്തര സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനത്തിന്റെ മടക്കയാത്ര വൈകിയേക്കും. അമേരിക്കൻ നിർമിത എഫ്-35 ബി യുദ്ധവിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാർ കണ്ടെത്തിയത്. ഇത് പരിഹരിക്കാനായി ഏഴംഗ വിദഗ്‌ധ സംഘം ചൊവ്വാഴ്‌ച രാവിലെ ഏഴോടെ ഹെലികോപ്‌റ്ററിൽ വിമാനത്താവളത്തിലെത്തിയിരുന്നു. ഉച്ചവരെ പരിശോധിച്ചിട്ടും തകരാർ പരിഹരിക്കാനായില്ല.
മൂന്ന് എൻജിനിയർമാരും ഒരു പൈലറ്റുമടങ്ങിയ ആദ്യ സംഘം ഞായറാഴ്‌ച പരിശോധനയ്‌ക്കായി എത്തിയിരുന്നു. തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ വ്യോമസേനാ എൻജിനിയർമാർ അടങ്ങിയ മറ്റൊരുസംഘം ചൊവ്വാഴ്‌ച എത്തി. ബുധനാഴ്‌ചയും പരിശോധന തുടരും. തകരാർ പരിഹരിക്കാനായാൽ യുദ്ധവിമാനം കടലിൽ നൂറു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് വിമാനവാഹിനി കപ്പലിലേക്ക് മടങ്ങുമെന്നാണ് വിവരം.
പുതിയ പൈലറ്റായി ഫ്രെഡി എത്തിയതോടെ യുദ്ധവിമാനം പറത്തിയ പൈലറ്റ് മൈക്ക് മടങ്ങിപ്പോയി. അറബിക്കടലിൽ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ചേർന്ന് സൈനികാഭ്യാസം നടത്തവേ ഇന്ധനം കുറഞ്ഞതിനാൽ തിരിച്ച് കപ്പലിലേക്ക് വിമാനമിറക്കാൻ പ്രതികൂല കാലാവസ്ഥമൂലം കഴിയാതെ വന്നപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ പൈലറ്റ് അനുമതി തേടുകയായിരുന്നു.
പരീശീലനപ്പറക്കലിൽ പൂർണമായും ഇന്ധനം നിറയ്ക്കില്ല
അമേരിക്കൻ നിർമിതമായ ആധുനിക സൂപ്പർസോണിക് യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയിൽപ്പെട്ട എഫ്-35 ബി ലൈറ്റ്നിങ് 2 വിമാനമാണിത്. എച്ച്എംഎസ് പ്രിൻസ് ഒഫ് വെയിൽസ് കപ്പലിൽനിന്ന് പരിശീലനത്തിന്റെ ഭാഗമായാണ് വിമാനം പറത്തിയത്.
അന്താരാഷ്ട്ര നിയമപ്രകാരം അന്യരാജ്യങ്ങളുടെ വിമാനവാഹിനി കപ്പലുകൾ അന്താരാഷ്ട്ര കപ്പൽ ചാൽ വഴി പോകുന്നതിൽ പ്രശ്നങ്ങൾ ഇല്ല. ഈ യാത്രയിൽ വിമാനവാഹിനികളിൽനിന്നുകൊണ്ട് യുദ്ധവിമാനങ്ങൾ പരിശീലനപ്പറക്കൽ നടത്തുന്നതിനും നിയമപ്രശ്നങ്ങളില്ല. എഫ്-35 ബി വിമാനത്തിൽ മുഴുവൻ ഇന്ധനവും നിറച്ചാൽ 2000 കിലോ മീറ്ററോളം പറക്കാനാകും. ഇതിനുപുറമെ അധിക ഇന്ധനടാങ്കുകളും ഘടിപ്പിക്കാനാകും. എന്നാൽ പരിശീലനപ്പറക്കലുകളിൽ നിശ്ചിത അളവ് ഇന്ധനമേ നിറയ്ക്കാറുള്ളു.
0 comments