സാങ്കേതിക തകരാർ; ബ്രിട്ടീഷ് യുദ്ധവിമാനം മടങ്ങിയില്ല

BRITISH JET
വെബ് ഡെസ്ക്

Published on Jun 17, 2025, 12:58 AM | 1 min read

തിരുവനന്തപുരം: അറബിക്കടലിൽ പരിശീലനപ്പറക്കലിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രീട്ടീഷ് നേവിയുടെ യുദ്ധവിമാനം തിങ്കളാഴ്ചയും തിരികെപ്പോയില്ല. അമേരിക്കൻ നിർമിത എഫ്-35 ബി യുദ്ധവിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടായതായാണ് വിവരം. ഇത് പരിഹരിക്കാൻ മൂന്ന് എൻജിനിയർമാരും ഒരു പൈലറ്റുമടങ്ങിയ സംഘം ഹെലികോപ്‌റ്ററിൽ എത്തിയിരുന്നു.


വ്യോമസേനാ എൻജിനിയർമാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പരിഹരിക്കാനായില്ല. ചൊവ്വാഴ്ചയോടെ യുദ്ധവിമാനം കടലിൽ നൂറു നോട്ടിക്കൽമൈൽ അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിൻസ് ഒഫ് വെയിൽസ് എന്ന വിമാനവാഹിനി കപ്പലിലേക്ക് മടങ്ങുമെന്നാണ് വിവരം. ഈ കപ്പലിൽനിന്നുള്ള സംഘമാണ് ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. എഫ്- 35 യുദ്ധവിമാനം പറത്തിയ പൈലറ്റിനെ ഹെലികോപ്റ്ററിൽ മടക്കിക്കൊണ്ടുപോയിരുന്നു.


അറബിക്കടലിൽ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്‌സ് എന്നപേരിൽ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലിൽനിന്നാണ് വിമാനം പരിശീലനപ്പറക്കലിനായി പറന്നുയർന്നത്. വിമാനത്തിന് പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിൽ ഇറങ്ങാനായില്ല. കടലിൽ വട്ടമിട്ടു പറന്ന് ഇന്ധനം തീരാറായതോടെ, പൈലറ്റ് ശനി രാത്രിയോടെ തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു. ചെന്നൈയിലെ ബ്രിട്ടീഷ് കോൺസുലേറ്റിന്റെ അഭ്യർഥനപ്രകാരം ഞായറാഴ്ച വിമാനത്തിൽ ഇന്ധനം നിറച്ചെങ്കിലും സാങ്കേതിക തകരാർ കാരണം പറന്നുയരാനായില്ല.


പരീശീലനപ്പറക്കലിൽ 
പൂർണമായും ഇന്ധനം നിറയ്ക്കില്ല


അമേരിക്കൻ നിർമിതമായ ആധുനിക സൂപ്പർസോണിക് യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയിൽപ്പെട്ട എഫ്-35 ബി ലൈറ്റ്നിങ് 2 വിമാനമാണിത്. എച്ച്എംഎസ് പ്രിൻസ് ഒഫ് വെയിൽസ് കപ്പലിൽനിന്ന് പരിശീലനത്തിന്റെ ഭാ​ഗമായാണ് വിമാനം പറത്തിയത്.


അന്താരാഷ്ട്ര നിയമപ്രകാരം അന്യരാജ്യങ്ങളുടെ വിമാനവാഹിനി കപ്പലുകൾ അന്താരാഷ്ട്ര കപ്പൽ ചാൽ വഴി പോകുന്നതിൽ പ്രശ്നങ്ങൾ ഇല്ല. ഈ യാത്രയിൽ വിമാനവാഹിനികളിൽനിന്നുകൊണ്ട് യുദ്ധവിമാനങ്ങൾ പരിശീലനപ്പറക്കൽ നടത്തുന്നതിനും നിയമപ്രശ്നങ്ങളില്ല. എഫ്-35 ബി വിമാനത്തിൽ മുഴുവൻ ഇന്ധനവും നിറച്ചാൽ 2000 കിലോ മീറ്ററോളം പറക്കാനാകും. ഇതിനുപുറമെ അധിക ഇന്ധനടാങ്കുകളും ഘടിപ്പിക്കാനാകും. എന്നാൽ പരിശീലനപ്പറക്കലുകളിൽ നിശ്ചിത അളവ് ഇന്ധനമേ നിറയ്ക്കാറുള്ളു.




deshabhimani section

Related News

View More
0 comments
Sort by

Home