ആദായനികുതി പരിധി ഉയര്‍ത്തി: :12 ലക്ഷംവരെ വരുമാനമുള്ളവര്‍ക്ക് ഇളവ്

കൊച്ചി
: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് നാലുദിവസംമാത്രം ശേഷിക്കെ ശമ്പളക്കാരായ മധ്യവർഗത്തെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് ധനമന്ത്രി അവതരിപ്പിച്ച കേന്ദ്രബജറ്റിൽ ആദായനികുതി ഇളവിന് അർഹമായ വരുമാനപരിധി 12 ലക്ഷമാക്കി വർധിപ്പിച്ചു. ഇതുപ്രകാരം 2025–26 സാമ്പത്തികവർഷം- പുതിയ നികുതി സ്‌കീം സ്വീകരിച്ചിരിക്കുന്ന, 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർ നികുതി നൽകേണ്ടതില്ല.
ശമ്പളക്കാർക്ക് 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്‌ഷൻകൂടി ചേരുമ്പോൾ 12.75 ലക്ഷം രൂപവരെ നികുതിയിളവ് ലഭിക്കും.
ഇതിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർ മുഴുവൻ തുകയ്‌ക്കും പുതിയ നികുതി സ്ലാബ് പ്രകാരം നികുതി നൽകേണ്ടിവരും. നികുതി സ്ലാബ് ആറിൽനിന്ന് ഏഴായി വർധിപ്പിച്ചിട്ടുണ്ട്. പുതിയ നികുതി സ്ലാബിൽ നാലുലക്ഷം രൂപവരെ നികുതിയില്ല. നാലു ലക്ഷത്തിനുശേഷം എട്ടുലക്ഷംവരെ അഞ്ച് ശതമാനവും 8–-12 ലക്ഷംവരെ പത്ത് ശതമാനവും 12–16 ലക്ഷത്തിന് 15 ശതമാനവും 16–20 ലക്ഷത്തിന് 20 ശതമാനവും 20–24 ലക്ഷത്തിന് 25 ശതമാനവുമാണ് നികുതി.
24 ലക്ഷത്തിൽ കൂടുതൽ വാർഷികവരുമാനമുള്ളവർ 30 ശതമാനം നികുതി നൽകണം. പഴയ സ്‌കീമിൽ ആദായനികുതി ഇളവുപരിധി 2.5 ലക്ഷം രൂപയായി തുടരും. നികുതി സ്ലാബിനും മാറ്റമില്ല.
നികുതിദായകർക്ക് അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താൻ പുതുക്കിയ ആദായനികുതി റിട്ടേണുകൾ (ഐടിആർ–-- യു) ഫയൽ ചെയ്യാനുള്ള അവസരം രണ്ടുവർഷമായിരുന്നത് നാലുവർഷമായി നീട്ടാനും ബജറ്റിൽ നിർദേശമുണ്ട്.









0 comments