കേരളത്തിൽ നിക്ഷേപവുമായി ടാറ്റ ഗ്രൂപ്പ്; മലബാർ സിമൻ്റ്സിനൊപ്പം സംയുക്ത സംരംഭം

കൊച്ചി: ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ആറ്റ്സൺ ഗ്രൂപ്പും മലബാർ സിമന്റ്സും കേരളത്തിൽ സംയുക്തമായി ബോട്ടു നിർമാണ യൂണിറ്റ് തുടങ്ങാൻ താൽപര്യ പത്രം ഒപ്പുവച്ചു. 300 കോടിയുടെ പദ്ധതിക്കാണ് ഗ്ലോബൽ സമ്മിറ്റിൽ താല്പര്യപത്രം ഒപ്പിട്ടത്. പദ്ധതിയുടെ ഭാഗമായി 100 ടണ്ണിൽ താഴെയുള്ള ബോട്ട് നിർമ്മാണ യൂണിറ്റാണ് ആരംഭിക്കുന്നത്. ആർട്സൺ ഗ്രൂപ്പ് സിഇഒ ശശാങ്ക് ഝാ, മലബാർ സിമൻ്റ് മാനേജിംഗ് ഡയറക്ടർ ചന്ദ്ര ബോസ് എന്നിവർ ചേർന്നാണ് സംയുക്ത പദ്ധതിയുടെ കാര്യം വ്യക്തമാക്കിയത്.
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ മലബാർ സിമന്റ്സ് ലീസിന് എടുത്തിരിക്കുന്ന ഏഴ് ഏക്കറിലാണ് ബോട്ട് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. ആറുമാസത്തിനുള്ളിൽ നിർമ്മാണ യൂണിറ്റ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സർക്കാർതലത്തിലുള്ള ചർച്ചകൾക്ക് ശേഷം ആയിരിക്കും പദ്ധതി ആരംഭിക്കുന്നത്.
ആദ്യഘട്ടത്തിൽ ബോട്ടുകൾ വാട്ടർ മെട്രോയ്ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ഭാവിയിൽ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നതും പരിഗണനയിലുണ്ടെന്ന് സിഇഒയും മാനേജിങ് ഡയറക്ടറും വ്യക്തമാക്കി.
കേരളത്തിന്റെ വികസന കുതിപ്പിന് വേദിയായി ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇതിനോടകം മാറി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ നടത്തുമെന്നാണ് പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് ആൻഡ് ലോജിസ്റ്റിക്സ് ഗ്രൂപ്പ് കമ്പനികളിലൊന്നാണ് ഷറഫ് ഗ്രൂപ്പ്. കമ്പനി വൈസ് ചെയർമാൻ ഹിസ് എക്സലൻസി റിട്ട. ജനറൽ ഷറഫുദ്ദീൻ ഷറഫ് മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യമറിയിച്ചത്.
'ഇന്ത്യയിലെ പ്രധാന ഏഴ് സിറ്റികളിൽ ഷറഫ് ഗ്രൂപ്പിന് വ്യവസായങ്ങളുണ്ട്. കേരളത്തിലെ രണ്ട് സ്ഥലങ്ങളിൽ 5000 കോടിയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്'- വൈസ് ചെയർമാൻ പറഞ്ഞു. ആകർഷകമായ രീതിയിൽ സംഘടിപ്പിച്ച് ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വലിയ വിജയമാക്കിയ സർക്കാരിനെയും മന്ത്രിയെയും അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.









0 comments