താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവം; വിദ്യാര്‍ഥികളെ രക്ഷിതാക്കൾക്കൊപ്പം അയക്കില്ല

താനൂർ: മുംബൈയിൽ നിന്നും കണ്ടെത്തിയ മലയാളി വിദ്യാർഥികളെ തത്കാലം കുടുംബത്തിനൊപ്പം അയക്കില്ല. പെൺകുട്ടികളെ മലപ്പുറം കുടുംബശ്രീ സ്നേഹിത ജെൻഡർ ഡസ്ക് ഹോമിലേക്ക് താൽക്കാലികമായി പുനരധിവസിപ്പിച്ചു. ശനിയാഴ്ച രാത്രി 9ന് തവനൂരിൽ ചേർന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി പ്രത്യേക സിറ്റിങ്ങിലാണ് തീരുമാനം.
കേസിൻ്റെ ഗൗരവം പരിഗണിച്ച് കുട്ടികളെ ഹാജരാക്കുന്നതിനായി അവധി ദിവസമായ രണ്ടാം ശനിയാഴ്ച പ്രത്യേക സിറ്റിങ്ങ് തീരുമാനിക്കുകയായിരുന്നു. ചെയർമാൻ അഡ്വ. എ സുരേഷ്, മെമ്പർമാരായ അഡ്വ. രാജേഷ് പുതുക്കാട്, അഡ്വ. പി ജാബിർ എന്നിവരുടെ മുന്നിലാണ് കുട്ടികളെ ഹാജരാക്കിയത്.
കുട്ടികളും രക്ഷാകർത്താക്കളുമായി അര മണിക്കൂറിലധികം ചൈൽഡ് വെൽഫയർ കമ്മിറ്റി സംസാരിച്ച ശേഷംമാണ് കുട്ടികളെ സ്നേഹിത ജൻഡർ ഡെസ്ക് ഹോമിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിങ് നൽകുന്നതിനായി ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി.
തിങ്കളാഴ്ച നടക്കുന്ന പ്ലസ്ടു പരീക്ഷയെഴുതാൻ കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള നിർദ്ദേശവും ജില്ലാ ശിശുസംരക്ഷണ ഓഫീസർക്കു നൽകി. കൗൺസിലിങ്ങ് റിപ്പോർട്ടിനു ശേഷം മാതാപിതാക്കളുടെ അപേക്ഷ കൂടി പരിഗണിച്ച് കുട്ടികളെ അവരോടൊപ്പം വിടുന്ന കാര്യം ചൈൽഡ് വെൽഫയർ കമ്മിറ്റി തീരുമാനിക്കും. സംഭവത്തിൽ താനൂർ പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ കുട്ടികൾക്കൊപ്പം യാത്ര ചെയ്ത എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹീമി(26)ന്റെ അറസ്റ്റ് താനൂർ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ട് പോകൽ, പോക്സോ ആക്‌ട് പ്രകാരമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കുട്ടികൾ മുംബൈയിലെ ബ്യൂട്ടിപാർലറിൽ എത്തിയത് യാദൃശ്ചികമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. അക്ബർ റഹീമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.









0 comments