പുതിയ തൊഴിലുകൾക്ക്‌ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം: തോമസ്‌ ഐസക്‌

t m thomas issac
വെബ് ഡെസ്ക്

Published on May 27, 2025, 02:47 AM | 1 min read


ആലപ്പുഴ

അഭ്യസ്‌തവിദ്യരായ യുവജനങ്ങൾക്ക്‌ കേരളത്തിൽ പുതിയ തൊഴിലുകൾ ഉണ്ടാകുന്നതിന്‌ ഉതകുന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്ന്‌ ഡോ. ടി എം തോമസ്‌ ഐസക്‌. നിർമിതബുദ്ധി, റോബോട്ടിക്‌സ്‌, നാനോ ടെക്‌നോളജി, ബയോടെക്‌നോളജി തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്താനാകണം. അപ്പോഴാണ്‌ വിജ്ഞാന സമ്പദ്‌വ്യവസ്ഥ യാഥാർഥ്യമാകുക. ഇതിന്‌ അനുസൃതമായി സിവിൽ സർവീസിലും മാറ്റമുണ്ടാകണം. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ ‘നവകേരള നിർമാണത്തിൽ സിവിൽ സർവീസിനുള്ള പങ്ക്‌’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


തൊഴിൽ വൈദഗ്‌ധ്യം നേടുന്നതിന്‌ വിദ്യാർഥികളെ പ്രാപ്‌തമാക്കാൻ സാക്ഷരതായജ്ഞത്തിന്റെ മാതൃകയിലുള്ള ജനകീയ പ്രസ്ഥാനമാണ്‌ വിജ്ഞാനകേരളം ജനകീയ കാമ്പയിൻ. കേരളത്തിൽ പഠിച്ചാൽ ജോലികിട്ടുമെന്ന സ്ഥിതിയുണ്ടായാൽ വിദ്യാർഥികൾ ഇവിടം തേടിയെത്തും. പഠിക്കുന്ന കാര്യങ്ങളിൽ വൈദഗ്ധ്യം നേടുന്നതിന്‌ സഹായിക്കാൻ പ്രൊഫഷണൽ മെന്റർമാർ ഉണ്ടാകും. ഈ ചുമതല പൂർവവിദ്യാർഥികൾ നിർവഹിക്കും.


ഭൂപരിഷ്‌കരണം കേരളത്തിൽ ജാതിവ്യവസ്ഥയുടെ സാമ്പത്തിക അടിത്തറ ദുർബലമാക്കി. പൊതുവിദ്യാഭ്യാസം, പൊതു ആരോഗ്യപരിപാലം തുടങ്ങിയവയിൽ കേരളം ഭൂപരിഷ്‌കരണത്തെത്തുടർന്ന്‌ മുന്നേറി. സാമൂഹ്യസുരക്ഷയും ക്ഷേമവും ലഭ്യമായി. അങ്ങനെ അഭിമാനികളായ മനുഷ്യരുണ്ടായി. ഇതാണ്‌ കേരള മാതൃക. അധികാര വികേന്ദ്രീകരണവും കേരളത്തിന്‌ മുന്നേറ്റമായി. എന്നാൽ സർക്കാർ മാറുമ്പോൾ ഇതിന്‌ തുടർച്ചയുണ്ടായില്ല. അധികാരവികേന്ദ്രീകരണം കേരളത്തിന്‌ കരുത്തായെന്നത്‌ കോവിഡ്‌ കാലത്ത്‌ നമ്മൾ തിരിച്ചറിഞ്ഞെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home