ശുദ്ധികലശം നടത്തേണ്ടത് തന്ത്രിമാരുടെ ഹൃദയത്തിൽ: സ്വാമി സച്ചിദാനന്ദ

sachidananda
avatar
പി വി ജീജോ

Published on Mar 12, 2025, 01:28 AM | 1 min read

ശിവഗിരി (തിരുവനന്തപുരം) : ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ ഈഴവനെ കഴകക്കാരനാക്കിയതിന് പ്രതിഷേധിച്ച തന്ത്രിമാരുടെ ഹൃദയത്തിലാണ് ശുദ്ധികലശം നടത്തേണ്ടതെന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി പറഞ്ഞു. ശ്രീ നാരായണഗുരുവും മഹാത്മാഗാന്ധിയും തമ്മിൽ നടന്ന ചരിത്ര കൂടിക്കാഴ്‌ചയുടെ നൂറാം വാർഷിക വേളയിൽ "ദേശാഭിമാനി'ക്ക് അനുവദിച്ച അഭിമുഖത്തിലാണ്‌ ശിവഗിരി ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്‌ കൂടിയായ സച്ചിദാനന്ദ സ്വാമി ഇക്കാര്യം വ്യക്തമാക്കിയത്‌ .


കൂടൽമാണിക്യക്ഷേത്രത്തിൽ നടന്നത് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല. പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും ലംഘിച്ച് നൂറ്റാണ്ടിനും മുമ്പെ ഗുരു ക്ഷേത്ര പ്രതിഷ്ഠ നടത്തിയ നാടാണിത്. ഇപ്പോൾ ആചാര സംരക്ഷണവുമായി വരുന്ന ബ്രാഹ്മണർ ഇത് മറന്നുപോകരുത്. അയിത്തവും ദുഷിച്ച ആചാരങ്ങളും ഇല്ലാതായതിനാലാണ്‌ കീഴ് ജാതിക്കാർ ഹിന്ദുവായി തുടർന്നത്. ജാതി ക്രൂരത മടുത്ത് അവർ മതപരിവർത്തനം ചെയ്തിരുന്നുവെങ്കിൽ ക്ഷേത്രങ്ങളിൽ ആരാധനക്ക്‌ ആര്‌ ഉണ്ടാകുമായിരുന്നു. ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം ലഭ്യമായ നാട്ടിൽ മറ്റൊരു സവർണാധികാര പ്രവണത അനുവദിക്കാനാകില്ല. ഇതേ പോലെ മോശം കാര്യമാണ് ഗായകൻ യേശുദാസിനുള്ള വിലക്ക്. ശബരിമലയിലും മൂകാംബികയിലും പോയി തൊഴുന്ന യേശുദാസിനെ ഗുരുവായൂരിൽ തടയുന്നതിൽ എന്ത് നീതിയാണുള്ളത്. യേശുദാസിനെ ഗുരുവായൂരിലേക്ക് ഇരുകയ്യും നീട്ടി സ്വീകരിക്കാനുള്ള മനസാണ് പ്രകടിപ്പിക്കേണ്ടത്.


അമ്പലത്തിൽ ഉടുപ്പ് ധരിച്ച് കയറാമെന്ന് പറഞ്ഞതിന് നല്ല സ്വീകാര്യത ലഭിച്ചു. ഒട്ടേറെ ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് കയറാൻ അനുവദിച്ചു. ഗാന്ധിയിൽനിന്ന്
അകലുന്ന സമൂഹം മഹത്തായ സന്ദർശനത്തിന്റെ നൂറാം വാർഷികവേളയിൽ അനുയായികളടക്കം ഗാന്ധി - ഗുരു ചിന്തകളിൽ നിന്ന് പുറന്തിരിഞ്ഞ് നിൽക്കുന്നത് കാണാം. ഇത് സങ്കടകരമാണ്. ഗോഡ്സേക്ക് ആരാധകർ കൂടുന്നു. ഗാന്ധിക്കില്ല എന്ന അവസ്ഥ പേടിപ്പെടുത്തുന്നതാണ്. ഗുരുവുമായുള്ള ചർച്ച ഗാന്ധിജിയിൽ വലിയ പരിവർത്തനമുണ്ടാക്കി. ഹരിജനോദ്ധാരണവും അയിത്തോച്ചാടനവും ഗാന്ധിജി സജീവ അജൻഡയായി ഏറ്റെടുത്തത് ശിവഗിരിയിലെ കൂടിക്കാഴ്ചക്ക് ശേഷമാണ്–- സച്ചിദാനന്ദ സ്വാമി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home