കൊല്ലത്ത് ഭാര്യയെ കുത്തിക്കൊന്ന് ഒളിവിൽ പോയ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

കുളത്തൂപ്പുഴ: കൊല്ലത്ത് ഭാര്യയെ കുത്തിക്കൊന്ന് ഒളിവിൽ പോയ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ. കൊല്ലം കുളത്തൂപ്പുഴ സ്വദേശി സാനുക്കുട്ടനെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ വന മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സാനുക്കുട്ടൻ ഭാര്യ രേണുകയെ കുത്തിക്കൊലപ്പെടുത്തിയത്. തുടർന്ന് സാനുക്കുട്ടൻ ഒളിവിലായിരുന്നു.
കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സാനുക്കുട്ടനും രേണുകയും അമ്മയും മാത്രമാണ് സംഭവ ദിവസം വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ വച്ച് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് സാനുക്കുട്ടൻ കത്രിക കൊണ്ട് രേണുകയെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. രേണുകയുടെ കഴുത്തിനും വയറിനും ഒന്നിലേറെ കുത്തേറ്റിരുനനു.
ഗുരുതരമായി പരിക്കേറ്റ രേണുകയെ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഏറെ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ യാത്രാമധ്യേ രേണുക മരിച്ചു. സാനുവിന് രേണുകയെ സംശയമുണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ തർക്കമുണ്ടായിട്ടുണ്ടെന്നുമാണ് വിവരം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.









0 comments