‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ ; സഹായം അഭ്യർഥിച്ച സ്‌ത്രീയോട് സുരേഷ് ഗോപി

തൃശൂർ
സഹായം അഭ്യർഥിച്ച വയോധികയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇരിങ്ങാലക്കുട പൊറത്തിശേരിയിൽ കലുങ്ക് സംവാദത്തിനിടയിലാണ് സംഭവം. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായിക്കുമോയെന്ന വയോധികയുടെ അഭ്യർഥനയോടാണ് സുരേഷ് ഗോപിയുടെ പരിഹാസം.
മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു ആദ്യ മറുപടി. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്ന് വയോധിക പ്രതികരിച്ചപ്പോഴാണ് ‘എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന നിലവിട്ട മറുപടി. ‘ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ’ എന്ന് വയോധിക ചോദിച്ചതോടെ ‘അല്ല. ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്’ എന്നായിരുന്നു മറുപടി.
പുള്ളിൽ നടത്തിയ ആദ്യ കലുങ്ക് സംവാദം മുതൽ സുരേഷ് ഗോപി വിവാദങ്ങളാണ് സൃഷ്ടിക്കുന്നത്. പുള്ളിൽ നിവേദനവുമായെത്തിയ കൊച്ചുവേലായുധൻ എന്ന വയോധികനെ അധിക്ഷേപിച്ചിരുന്നു. വീട് നൽകുന്നത് തന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നാണ് പിന്നീട് സുരേഷ് ഗോപി ന്യായീകരിച്ചത്. ഇപ്പോൾ മലക്കം മറിഞ്ഞ്, നിവേദനം നിരസിച്ചത് കൈപ്പിഴയാണെന്നാണ് കൊടുങ്ങല്ലൂരിലെ കലുങ്ക് സംവാദത്തിലെ വിശദീകരണം.
എംപി എന്ന നിലയിൽ സുരേഷ് ഗോപി തൃശൂരിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് ബിജെപിയിൽനിന്നടക്കം വലിയ വിമർശമാണ് ഉയരുന്നത്. ഇതിനെത്തുടർന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ‘കലുങ്ക് വികസന സംവാദം’ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.









0 comments