'ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണം'; വിവാദ പരാമർശവുമായി സുരേഷ് ഗോപി

ന്യൂഡൽഹി: ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. 'ഒരു ട്രൈബൽ മന്ത്രിയാകണം എന്നത് തൻ്റെ ആഗ്രഹമാണ്. ഉന്നത കുലത്തിൽ ഒരാൾ ട്രൈബൽ മന്ത്രിയാകണം. എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നമതി ഉണ്ടാകും. അത്തരം ജനാതിപത്യ മാറ്റങ്ങൾ ഉണ്ടാകണം'- സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് വിവാദ പരാമർശനം.
കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്രബജറ്റിനെ പിന്തുണച്ചും സുരേഷ് ഗോപി രംഗത്തെത്തി. 'ബജറ്റ് പൂർണമായും തൃപ്തികരമാണ്. പോരായ്മകൾ ഉണ്ടെങ്കിൽ അതിൻ്റെ വലിയ തിരുത്തൽ ബജറ്റിൽ ഉണ്ടായി. പണം ലഭിച്ചില്ലെന്ന് ആരോപിച്ച് കേരളം നിലവിളിക്കുകയല്ല വേണ്ടത്. കേന്ദ്രബജറ്റിൽ അനുവദിച്ച തുക കൃത്യമായി ചെലവഴിക്കണം.താഴെത്തട്ടിനെ മാത്രമല്ല ബജറ്റ് പരിഗണിക്കേണ്ടത്, എല്ലാവർക്കും അവകാശപ്പെട്ടതാണ്. മധ്യവർഗ്ഗത്തിന് ഒരു കാലത്തും പരിഗണന ലഭിക്കാറില്ല. നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. ജോൺ ബ്രിട്ടാസ് രാജ്യസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്'- സുരേഷ് ഗോപി പറഞ്ഞു.
കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ നൽകാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യനും പറഞ്ഞിരുന്നു. കേരളം പിന്നോക്ക സംസ്ഥാനം അല്ലാത്തത് കൊണ്ടാണ് ബജറ്റിൽ കാര്യമായി ഒന്നും പ്രഖ്യാപിക്കാതിരുന്നതെന്നും കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ കിട്ടും. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിലും സാമൂഹ്യ, അടിസ്ഥാന കാര്യങ്ങളിലും കേരളം പിന്നിലാണെന്ന് സമ്മതിക്കണം. അപ്പോൾ കമീഷൻ അത് പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് കൊടുക്കുമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്.









0 comments