‘കലുങ്ക് തള്ള്’ ജനം തള്ളി ; പച്ചനുണകളുമായി സുരേഷ് ഗോപി

തൃശൂർ
പച്ചനുണകളും ‘തള്ളു’മായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം. കേന്ദ്രമന്ത്രിയായി ഒന്നര വർഷം പിന്നിട്ടിട്ടും കേരളത്തിനുവേണ്ടി ഒന്നും ചെയ്യാതെ കലുങ്കിലിരുന്നുള്ള സുരേഷ് ഗോപിയുടെ തള്ള് ജനം തള്ളി. കഴിഞ്ഞ രണ്ട് കേന്ദ്രബജറ്റിലും കേരളത്തിനോ തൃശൂരിനോ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ കലുങ്കിലിരുന്ന് പദ്ധതികൾ പ്രഖ്യാപിക്കുന്ന തട്ടിപ്പ് ജനം തിരിച്ചറിയുകയാണ്.
ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു (എയിംസ്) വേണ്ടി സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന പച്ചനുണയും പ്രചരിപ്പിക്കുന്നുണ്ട്. ആലപ്പുഴയിൽ എയിംസ് കൊണ്ടുവരാനാണ് താൽപ്പര്യമെന്നും അതിന് സംസ്ഥാന സർക്കാർ തടസ്സം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എയിംസിനായി സംസ്ഥാന സർക്കാർ കോഴിക്കോട് കിനാലൂരിൽ കെഎസ്ഐഡിസിയുടെ 150 ഏക്കർ ഏറ്റെടുത്ത് സാമൂഹികാഘാത പഠനമുൾപ്പെടെ നടത്തി. മറ്റു സംസ്ഥാനങ്ങളിൽ 150 ഏക്കറിൽ എയിംസ് തുടങ്ങാൻ കേന്ദ്രം അനുമതി നൽകി. എന്നാൽ കേരളത്തിൽ മാത്രം അനുമതി നൽകിയിട്ടില്ല. കേരളത്തോടുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ രാഷ്ടീയ വിദ്വേഷമാണ് തടസം. ഇത് മറയ്‌ക്കാനാണ് നുണപ്രചാരണം.
തൃശൂരിൽ ഫോറൻസിക് സയൻസ് റിസർച്ച് ല-ാബ് ആൻഡ് ഇൻസ്‌റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ കേന്ദ്രപദ്ധതി പ്രഖ്യാപിച്ചിട്ടും സ്ഥലം അനുവദിക്കുന്നില്ലെന്ന് സുരേഷ് ഗോപി ആരോപിച്ചു. ‘തൃശൂരിനു വേണ്ടി ആവശ്യപ്പെട്ട, കൊണ്ടുവന്ന പദ്ധതി നടപ്പായില്ലെങ്കിൽ എം കെ സ്റ്റാലിനുമായി സംസാരിച്ച് പൊള്ളാച്ചിയിലോ കന്പം തേനിയിലേക്കോ കൊണ്ടുപോയ്‌ക്കൊള്ളാൻ പറയും’ പുള്ളിൽ കലുങ്ക് സംവാദത്തിനിടെ സുരേഷ് ഗോപി ഭീഷണി മുഴക്കി. ഇത്തരം പദ്ധതിയെക്കുറിച്ച് കേന്ദ്രബജറ്റിൽ എവിടെയും പരാമർശമില്ല.
തൃശൂർ റൗണ്ടിൽ ഏഴടി ഉയരത്തിൽ നടപ്പാത സ്ഥാപിക്കാൻ തയ്യാറാണെന്നും ഇതിന് കോർപറേഷൻ പദ്ധതി തയ്യാറാക്കി നൽകുന്നില്ലെന്നും ആരോപിച്ചു. ഇത്തരം പദ്ധതിയെക്കുറിച്ച് സുരേഷ് ഗോപി കോർപറേഷനെ അറിയിച്ചിട്ടില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ചൂണ്ടൽ മുതൽ മണ്ണുത്തിവരെ എലിവേറ്റഡ് ഹൈവേ നിർമിക്കാൻ 3000 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാരിനും സുരേഷ് ഗോപിക്കും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഫണ്ട് അനുവദിച്ചില്ല. ഇതെല്ലാം മറച്ചുവച്ചാണ് നുണപ്രചാരണം.









0 comments