സ്ഥിരം വിസി നിയമനത്തിന്‌ സെർച്ച്‌ കമ്മിറ്റി 
രൂപീകരിക്കാമെന്ന്‌ സുപ്രീംകോടതി

ഗവർണർ നിയമത്തെ വെല്ലുവിളിക്കുകയാണോ ; രൂക്ഷവിമർശവുമായി സുപ്രീംകോടതി

supreme court on Temporary VC appointments
avatar
റിതിൻ പൗലോസ്‌

Published on Aug 14, 2025, 01:11 AM | 2 min read


ന്യൂഡൽഹി

സുപ്രീംകോടതി വിധിയും ചട്ടങ്ങളും മറികടന്ന്‌ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വൈസ്‌ ചാൻസലർമാരെ നിയമിച്ച ഗവർണർ രാജേന്ദ്ര ആർലേക്കറെ അതിരൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി. സ്ഥിരം വിസി നിയമനങ്ങൾ ചാൻസലർകൂടിയായ ഗവർണർ തടയുന്നെന്ന സംസ്ഥാന സർക്കാരിന്റെ വാദം അംഗീകരിച്ച് സുപ്രീംകോടതി നേരിട്ട്‌ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കാമെന്ന് നിർദേശിച്ചു. ഇതുസംബന്ധിച്ച നിലപാട് സർക്കാർ വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിക്കും.


ഗവർണർക്കുനേരെ രൂക്ഷമായ വിമർശങ്ങളാണ്‌ വാദത്തിന്റെ വിവിധ ഘട്ടങ്ങളിൽ കോടതി ഉന്നയിച്ചത്‌. എല്ലാ പ്രശ്‌നങ്ങളുടെയും കാരണം ഗവണർ രൂപീകരിച്ച സെർച്ച്‌ കമ്മിറ്റിയാണെന്ന്‌ കോടതി നിരീക്ഷിച്ചു. ഗവർണർ നിയമങ്ങളെ വെല്ലുവിളിക്കുകയാണോയെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട്‌ ബെഞ്ച്‌ ചോദിച്ചു. നിയമങ്ങൾ നിയമങ്ങളായി നിൽക്കുന്നുണ്ട്‌. അത്‌ മറികടക്കാനാണോ ശ്രമിക്കുന്നത്‌– ബെഞ്ച്‌ ആരാഞ്ഞു.


താൽക്കാലിക വിസി നിയമനങ്ങൾ സുപ്രീംകോടതി വിധി പാലിച്ചാണെന്ന വെങ്കിട്ടരമണിയുടെ വാദത്തെ സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ ഗുപ്‌ത ഖണ്ഡിച്ചു. സാങ്കേതിക സർവകലാശാല നിയമത്തിലെ വകുപ്പ് 13 (7), ഡിജിറ്റൽ സർവകലാശാല നിയമത്തിലെ വകുപ്പ് 11 (10) എന്നിവ അട്ടിമറിച്ചെന്നും സർക്കാരുമായി കൂടിയാലോചിക്കണമെന്ന ഉത്തരവിലെ ഭാഗം പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. സർക്കാരുണ്ടാക്കിയ സെർച്ച്‌ കമ്മിറ്റിക്ക്‌ ഗവർണർ ബദൽ കമ്മിറ്റി രൂപീകരിച്ചതും ചൂണ്ടിക്കാട്ടി. തുടർന്ന്‌ സ്വന്തം ഉത്തരവിലെ ഭാഗം വെങ്കിട്ടരമണിയെ വായിച്ചുകേൾപ്പിച്ച ബെഞ്ച്‌, ഇത്‌ പാലിക്കുന്നതിലും സർക്കാർ നിർദേശങ്ങൾ കേൾക്കുന്നതിലും എന്താണ്‌ പ്രശ്‌നമെന്നും ചോദിച്ചു. താൽക്കാലിക വിസിമാരെ നിയമിക്കാനുള്ള അധികാരം ഗവർണർക്കാണെന്ന്‌ വെങ്കിട്ടരമണി പറഞ്ഞപ്പോൾ 13 (7) വകുപ്പ്‌ അവഗണിക്കുകയാണോയെന്നും ബെഞ്ച്‌ ചോദിച്ചു.


കേവലം അധികാരത്തർക്കമല്ലെന്നും ഫെഡറൽ തത്വങ്ങൾ സംബന്ധിച്ച പ്രശ്‌നമാണിതെന്നും സർക്കാർ കോടതിയെ ബോധ്യപ്പെടുത്തി. തുടർന്നാണ്‌ തങ്ങളുടെ മേൽനോട്ടത്തിൽ സെർച്ച്‌ കമ്മിറ്റിയെന്ന നിർദേശം കോടതി മുന്നോട്ടുവച്ചത്‌. അതുവരെ താൽക്കാലിക വിസി നിയമത്തിലെ വിയോജിപ്പ്‌ സർക്കാർ മാറ്റിവയ്‌ക്കണമെന്നും അഭ്യർഥിച്ചു. കേസ്‌ വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.


രണ്ട്‌ സർവ്വകലാശാലകളിലെ സെർച്ച്‌ കമ്മിറ്റികളിലേക്കായി രണ്ടുവീതം പേരുകൾ വ്യാഴാഴ്‌ച സർക്കാരും ഗവർണറും നൽകണമെന്ന്‌ ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവർ നിർദേശിച്ചു. അഞ്ചംഗങ്ങളുള്ള സമിതികളിൽ യുജിസിയുടെ ഒരു പ്രതിനിധി വീതമുണ്ടാകും. സംസ്ഥാന സർക്കാർ അഞ്ചുപേരുകൾ വ്യാഴാഴ്ച നിർദേശിക്കും. ​സർക്കാർ– യുജിസി ചട്ടങ്ങൾ പാലിച്ചാകും നിയമനമെന്നും ബെഞ്ച്‌ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home