സ്ഥിരം വിസിമാരെ നിയമിക്കണം , ആറുമാസം താൽക്കാലിക വിസിയാകാം
സർക്കാരുമായി ഗവർണർ സഹകരിക്കണം : സുപ്രീംകോടതി

ന്യൂഡൽഹി
വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഗവർണർ സംസ്ഥാന സർക്കാരുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി. കേരള സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്ഥിരം വൈസ് ചാൻസലർമാരെ നിയമിച്ചേതീരു. ഇതിൽ സംസ്ഥാന സർക്കാർ എന്തുനിലപാട് സ്വീകരിച്ചാലും ചാൻസലർ കൂടിയായ ഗവർണർ സഹകരിക്കണമെന്നും ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവർ നിർദേശിച്ചു.
രണ്ടിടങ്ങളിലും ഏകപക്ഷീയമായി താൽക്കാലിക വിസിമാരെ നിയമിച്ച ഗവർണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ നൽകിയ അപ്പീലാണ് പരിഗണിച്ചത്. വിദ്യാർഥികളുടെ ഭാവിയെ ബാധിക്കാതിരിക്കാൻ സ്ഥിരം വിസിമാർ നിയമിതരാകുംവരെ ആറുമാസത്തേക്ക് താൽക്കാലിക വിസിമാരെ ഗവർണർക്ക് നിയമിക്കാനും അനുമതി നൽകി. എന്നാൽ യുജിസി ചട്ടപ്രകാരം ആറുമാസത്തിൽ കൂടുതൽ ഇവർക്ക് നിയമനം പാടില്ലന്നും യോഗ്യരായ ആളുകളെ മാത്രമേ പരിഗണിക്കാവൂവെന്നും ഇടക്കാല ഉത്തരവിൽ പറഞ്ഞു.
വിസി നിയമനത്തിൽ ഗവർണറും സർക്കാരും സഹകരിക്കണമെന്നും രാഷ്‌ട്രീയം പാടില്ലന്നും കോടതി ആവർത്തിച്ച് പറഞ്ഞു. എന്ത് സംഭവിച്ചാലും ചാൻസലർ സഹകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബന്ധം സാധാരണ നിലയിലാകണമെന്നും കോടതി നിരീക്ഷിച്ചു. സ്ഥിരം ‘വിസിമാർ നിയമിക്കപ്പെടും വരെ’ എന്ന് താൽക്കാലിക വിസിമാരെ നിയമിച്ചുള്ള ഉത്തരവിൽ ഗവർണർ പറഞ്ഞത് ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയാണ് നിയമനങ്ങൾ റദ്ദാക്കിയതെന്ന് സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത പറഞ്ഞു.
തുടർന്നാണ് ആറുമാസം എന്ന യുജിസി ചട്ടം ഗവർണർ പാലിക്കണമെന്ന് ബെഞ്ച് നിർദേശിച്ചത്. വിസി നിയമനത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്ന വാദമാണ് ഗവർണർക്കുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി വാദിച്ചത്. വിഷയത്തിൽ ഹൈക്കോടതിയുടെ ജാഗ്രതയെ സുപ്രീംകോടതി അഭിനന്ദിച്ചു.









0 comments