"മോശം റോഡിൽ എങ്ങനെ ടോള്‍പിരിക്കും' ; ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെയും വിമര്‍ശം

ന്യൂഡൽഹി
തൃശ്ശൂര്‍ പാലിയേക്കരയിൽ നാലാഴ്‌ചത്തേക്ക് ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലെത്തിയ ദേശീയപാത അതോറിറ്റിക്ക് രൂക്ഷ വിമർശം. റോഡ് തകര്‍ന്നുകിടക്കുമ്പോള്‍ എങ്ങനെയാണ് ടോള്‍ പിരിക്കുകയെന്ന് ചീഫ് ജസ്‌റ്റിസ് ബി ആർ ഗവായ് , കെ വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് ആരാഞ്ഞു. "അതുവഴി പോയിട്ടുണ്ട്. റോഡിന്റെ അവസ്ഥ തീരെ മോശമാണ്. ജനങ്ങളുടെ കൈയിൽനിന്ന് ടോള്‍ പിരിച്ചിട്ട് സേവനം നൽകാതിരിക്കലാണത്' ചീഫ് ജസ്‌റ്റിസ് വിമര്‍ശിച്ചു.
ദേശീയപാതയോരത്തെ സർവീസ് റോഡുകൾ നന്നാക്കാത്തത് വൻ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്ന് ജസ്‌റ്റിസ് വിനോദ് ചന്ദ്രനും വിമർശിച്ചു. ഗതാഗതക്കുരുക്ക് കാരണം ഭാര്യാപിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത വ്യക്തി പ്രതിഷേധിച്ച വാര്‍ത്തയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ബെഞ്ച് വ്യക്തമാക്കി.
റോഡ് നന്നാക്കി പരിഹാരം കാണാൻ ഫെബ്രുവരി മുതൽ ഹൈക്കോടതി അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഫലപ്രദമായ പ്രതികരണം ഉണ്ടായിട്ടില്ല. അധികാരികളും കരാറുകാരും തമ്മിൽ തർക്കിക്കാതെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം. അറ്റകുറ്റപ്പണി കരാറുകാരന്റെ ഉത്തരവാദിത്തമാണെന്ന് മേത്ത വാദിച്ചെങ്കിലും കോടതി അതംഗീകരിച്ചില്ല. കേസ് 18ന് വീണ്ടും പരിഗണിക്കും.









0 comments