മണ്ണുത്തി– ഇടപ്പള്ളി ദേശീയപാത 544 ; വാഹനങ്ങൾ നീങ്ങുന്നത്‌ 
ഇഴഞ്ഞുതന്നെ

ഗതാഗതക്കുരുക്ക്‌ ദൈവത്തിന്റെ പ്രവൃത്തിയെന്ന്‌ കേന്ദ്രം ; കുഴിയാണ്‌ കാരണമെന്ന്‌ സുപ്രീംകോടതി

supreme court on NH traffic block
വെബ് ഡെസ്ക്

Published on Aug 19, 2025, 12:54 AM | 2 min read


ന്യൂഡൽഹി

പാലിയേക്കര ടോൾപ്ലാസയിൽ നാലാഴ്‌ചത്തേക്ക്‌ പിരിവ്‌ തടഞ്ഞ ഹൈക്കോടതി വിധിക്കെതിരായ ദേശീയപാത അതോറിറ്റിയുടെ (എൻ‌എച്ച്‌എ‌ഐ) ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. ടോൾ പിരിക്കാൻ ഉപകരാർ എടുത്ത ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും വാദം കേട്ടു. റോഡിന്റെ മോശം സ്ഥിതിയെ ചീഫ്‌ ജസ്‌റ്റിസ്‌ ബി ആർ ഗവായ്‌, ജസ്‌റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, എൻ വി അഞ്ജരിയ എന്നിവരുടെ ബെഞ്ച്‌ രൂക്ഷമായി വിമർശിച്ചു.


12 മണിക്കൂറാണ്‌ കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കുണ്ടായതെന്ന്‌ പത്രവാർത്ത ഉദ്ധരിച്ച്‌ ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു. ദൈവത്തിന്റെ പ്രവൃത്തിയാണ്‌ അതെന്നും ലോറി മറിഞ്ഞതാണ്‌ കുരുക്കിന്‌ കാരണമെന്നുമായിരുന്നു എൻ‌എച്ച്‌എ‌ഐക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വിചിത്രവാദം. ലോറി ദൈവം മറിച്ചതല്ല, കുഴിയിൽ വീണശേഷമാണ്‌ മറിഞ്ഞതെന്ന്‌ ജസ്‌റ്റിസ്‌ വിനോദ്‌ ചന്ദ്രൻ തിരിച്ചടിച്ചു. യാത്രക്കാരുടെ ക്ഷമയ്‌ക്കും ഇന്ധനനഷ്‌ടത്തിനും നഷ്‌ടപരിഹാരം നൽകുകയാണ്‌ വേണ്ടത്‌. റോഡിന്റെ അവസ്ഥ ശോചനീയമാണ്‌–ജസ്‌റ്റിസ്‌ ചന്ദ്രൻ പറഞ്ഞു. ഒരറ്റത്തുനിന്ന്‌ മറ്റേ അറ്റത്ത്‌ എത്താൻ 12 മണിക്കൂർ എടുക്കുമെങ്കിൽ എന്തിനാണ്‌ ടോളെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ചോദിച്ചു.


മഴക്കാലമായതിനാലാണ്‌ പണികൾ വൈകുന്നതെന്ന ന്യായീകരണം ബെഞ്ച്‌ അംഗീകരിച്ചില്ല. തങ്ങളുടെ നിയന്ത്രണത്തിലുള്ള റോഡ് നന്നായി പരിപാലിക്കുന്നുണ്ടെന്നും വരുമാനം തടയാനാകില്ലെന്നുമായിരുന്നു ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന്റെ വാദം. നഷ്‌ടം നികത്താൻ എൻ‌എച്ച്‌എ‌ഐക്ക്‌ ഹൈക്കോടതി നിർദേശമുണ്ടെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ചൂണ്ടിക്കാട്ടി.


മണ്ണുത്തി– ഇടപ്പള്ളി ദേശീയപാത 544 ; വാഹനങ്ങൾ നീങ്ങുന്നത്‌ 
ഇഴഞ്ഞുതന്നെ

മണ്ണുത്തി– ഇടപ്പള്ളി ദേശീയപാത 544ൽ ഗതാഗതക്കുരുക്കും നീണ്ടനിരയുമുണ്ടായിരുന്നത്‌ അൽപ്പം കുറഞ്ഞെങ്കിലും വണ്ടികൾ നീങ്ങുന്നത്‌ ഇഴഞ്ഞുതന്നെ. പൊലീസ്‌ ഏർപ്പെടുത്തിയ ക്രമീകരണം കടുത്ത ഗതാഗതക്കുരുക്കിന്‌ ചെറിയ ശമനമുണ്ടാക്കിയിട്ടുണ്ട്‌. എന്നാൽ, അടിപ്പാത നിർമിക്കുന്നഭാഗത്ത്‌ രാവിലെയും വൈകിട്ടും കുരുക്ക്‌ തുടരുന്നു. ശക്തമായ മഴ തുടരുന്നതിനാൽ സർവീസ്‌ റോഡുകളിൽ കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞതും യാത്രാദുരിതം ഇരട്ടിയാക്കുന്നു.


സർവീസ്‌ റോഡ്‌ ബലപ്പെടുത്താതെയും സമാന്തരപാത ഒരുക്കാതെയും ഒരേ സമയം അഞ്ചിടത്ത്‌ അടിപ്പാതയും ഒരിടത്ത്‌ മേൽപ്പാലവും നിർമാണം ആരംഭിച്ചതാണ്‌ പ്രതിസന്ധി രൂക്ഷമാക്കിയത്‌. സമയബന്ധിതമായി പണി തീർക്കാതെ കരാർ കമ്പനി വീഴ്‌ച വരുത്തി. നടപടി സ്വീകരിക്കാതെ കേന്ദ്രസർക്കാരും ദേശീയപാത അതോറിറ്റി അധികൃതരും അനാസ്ഥ തുടരുകയാണ്‌. തമിഴ്‌നാട്‌ സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിക്കാണ്‌ അടിപ്പാത നിർമാണത്തിന്‌ കരാർ നൽകിയത്‌.


തൃശൂരിൽനിന്ന്‌ രണ്ടു മണിക്കൂർകൊണ്ട്‌ മുമ്പ്‌ ഇടപ്പള്ളിയിൽ എത്താമായിരുന്നെങ്കിൽ ഇപ്പോൾ മൂന്നും നാലും മണിക്കൂർ എടുക്കും. ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലാണ്‌ അടിപ്പാത നിർമിക്കുന്നത്‌. കൊരട്ടിയിൽ മേൽപ്പാലം നിർമാണവും തുടങ്ങി. 27 കിലോമീറ്ററിനുള്ളിലാണ്‌ അഞ്ചിടത്ത്‌ പാലം നിർമിക്കുന്നത്‌. മണ്ണുത്തി–വടക്കഞ്ചേരി പാതയിൽ മുടിക്കോടും അടിപ്പാത നിർമിക്കുന്നുണ്ട്‌. എട്ടുവരിപ്പാതയ്‌ക്ക്‌ പകരം രണ്ടു വണ്ടിക്ക്‌ കടന്ന്‌ പോകാവുന്ന സർവീസ്‌ റോഡാണ്‌ ഗതാഗതത്തിന്‌ ആശ്രയം.


ഇ‍‍ൗ റോഡ്‌ തകർന്ന്‌ ഗർത്തങ്ങളായി. മഴ ശക്തമായതോടെ കുഴി അറിയാനാകാത്ത സ്ഥിതിയാണ്‌. കഴിഞ്ഞ ദിവസം മരം കയറ്റിയ ലോറി കുഴിയിൽച്ചാടി മറിഞ്ഞു.

ചെറുവണ്ടികൾ ദേശീയപാതയ്‌ക്ക്‌ സമീപത്തെ ചെറുവഴികളെ ആശ്രയിക്കുന്നതോടെ ഇവയും തകർന്നു. 15 കിലോമീറ്ററോളം അധികം വളഞ്ഞാണ്‌ വീണ്ടും ദേശീയപാതയിൽ കയറാനാകുക. ദേശീയപാത 544ന്‌ പകരം തീരദേശവഴിയും ജനങ്ങൾ ആശ്രയിക്കാറുണ്ട്‌. എന്നാൽ ആ മേഖലയിലും ദേശീയപാത 66ലെ പണികൾ പുരോഗമിക്കുന്നതിനാൽ അവിടെയും ഗതാഗതക്കുരുക്കാണ്‌.





deshabhimani section

Related News

View More
0 comments
Sort by

Home