82.53 ലക്ഷംപേർ റേഷൻ വാങ്ങി
സപ്ലൈകോ വിൽപ്പന 319.3 കോടി കടന്നു ; രണ്ടുകോടി ആളുകൾക്ക് സഹായമെത്തി

തിരുവനന്തപുരം
സപ്ലൈകോ വഴിയുള്ള ഓണക്കാല വിൽപ്പന 319 കോടി കടന്നു. തിങ്കൾ വൈകിട്ടുവരെയുള്ള കണക്കാണിത്. 300 കോടിയാണ് ലക്ഷ്യമിട്ടത്. 2024ൽ ഇത് 183 കോടിയുടെ വില്‍പ്പനയായിരുന്നു. സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടലിന്റെ പ്രയോജനം രണ്ടുകോടിപ്പേരിലെത്തിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച പ്രതിദിന വിൽപ്പന 21.31 കോടിയുടെ സർവകാല റെക്കോഡിലെത്തി
അരി, വെളിച്ചെണ്ണ, മുളക് എന്നിവയുടെ കാര്യത്തിൽ പ്രത്യേക ഇടപെടൽ സർക്കാർ നടത്തി. സപ്ലൈകോ വിൽപ്പനശാലയില്‍ 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ആവശ്യത്തിന് നൽകി. കഴിഞ്ഞമാസം 25 മുതല്‍ 457 രൂപയില്‍നിന്ന് 429 രൂപയിലേക്ക് കേരയുടെ വില സപ്ലൈകോ കുറച്ചു. സപ്ലൈകോ ബ്രാന്‍ഡായ ശബരിയുടെ ഒരു ലിറ്റര്‍ സബ്സിഡി വെളിച്ചെണ്ണ 349 രൂപയിൽനിന്ന് ഇപ്പോള്‍ 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയില്‍ നിന്നും 389 രൂപയായും കുറച്ചു. ഇതിലൂടെ വെളിച്ചെണ്ണയുടെ വില പിടിച്ചുനിർത്താനായി.
എട്ട് കിലോ സബ്‌സിഡി അരിക്ക് പുറമേ കാര്‍ഡൊന്നിന് 25 രൂപ നിരക്കിൽ 20 കിലോ പച്ചരി/പുഴുക്കലരിയും നൽകി വരുന്നു. 92.8 ലക്ഷം കിലോ അരി വില്‍പന നടത്തി. 6,14,217 സൗജന്യ ഭക്ഷ്യകിറ്റുകളിൽ 4,05,890 എണ്ണം വിതരണം ചെയ്‌തു.
82.53 ലക്ഷംപേർ റേഷൻ വാങ്ങി
ആഗസ്‌തിൽ 14.94 കോടി കിലോ അരി റേഷന്‍കടകള്‍ വഴി വിതരണം ചെയ്‌തു. 82,53,715(86.75%) കാർഡുകാർ റേഷൻ വാങ്ങി. മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 40,59,089 കുടുംബങ്ങളും (97.22%) റേഷൻവിഹിതം കൈപ്പറ്റി.









0 comments