സഞ്ചരിക്കുന്ന ഓണച്ചന്ത ഇന്നുമുതൽ

സപ്ലൈകോ ഓണച്ചന്തയിൽ ഓഫറും വിലക്കുറവും ; ​ഓണസമ്മാനം നൽകാൻ ഗിഫ്റ്റ് കാർഡുകളും

Supplyco Onachantha
വെബ് ഡെസ്ക്

Published on Aug 25, 2025, 02:29 AM | 1 min read


തിരുവനന്തപുരം

പ്രമുഖ റീടെയ്ൽ ചെയിനുകളോട് കിട പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ്എംസിജി (ഫാസ്‌റ്റ്‌ മൂവിങ് കൺസ്യൂമർ ഗുഡ്‌സ്‌) ഉൽപന്നങ്ങൾ ഇത്തവണ സപ്ലൈകോയിലുണ്ടാകും. 250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും വിലക്കുറവും ലഭിക്കും. ജൂലൈയിൽ 168 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോയ്‌ക്ക്‌ ഉണ്ടായത്.

60 കോടി രൂപയുടെ സബ്സിഡി ഉൽപ്പന്നങ്ങളാണ് കഴിഞ്ഞമാസം വിതരണംചെയ്‌തത്. 32 ലക്ഷത്തോളം ഉപഭോക്താക്കൾ കഴിഞ്ഞ മാസം സപ്ലൈകോയെ ആശ്രയിച്ചു. ഓണത്തിരക്ക് ആരംഭിച്ച ഈ മാസം 22വരെയുള്ള വിറ്റുവരവ് 180 കോടി രൂപയാണ്. 11 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രതിദിന വിറ്റുവരവ് പത്തുകോടിക്ക്‌ മുകളിലാണ്. 22 വരെ 30 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോ വിൽപ്പനശാലകൾ സന്ദർശിച്ചു.


​ഓണസമ്മാനം നൽകാൻ ഗിഫ്റ്റ് കാർഡുകളും

വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സമ്മാനം നൽകാനാഗ്രഹിക്കുന്നവർക്കായി ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളുമൊരുക്കി സപ്ലൈകോ. 18 ഇനങ്ങള്‍ അടങ്ങിയ 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് 1000 രൂപയ്‌ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, ഒമ്പത് ഇനങ്ങള്‍ അടങ്ങിയ 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്‌ക്കും നൽകും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളുമുണ്ട്. ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും, റസിഡൻസ് അസോസിയേഷനുകൾക്കും, വെൽഫെയർ സ്ഥാപനങ്ങൾക്കും പുതിയ സംവിധാനം ഉപയോഗിക്കാം. ഓണക്കാലത്ത് 2500 രൂപയിലധികം സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്കായി ലക്കി ഡ്രോ നടത്തും. ഒരു പവൻ സ്വര്‍ണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികൾക്കായി നൽകുക. സംസ്ഥാനത്തെ 140 ഓണച്ചന്തകളിലും ഇത്തരം നറുക്കെടുപ്പുകള്‍ ദിവസേന നടത്തി വിജയികൾക്ക് വെളിച്ചെണ്ണയടക്കമുള്ള ആകർഷകമായ സമ്മാനങ്ങളുമുണ്ട്.


സഞ്ചരിക്കുന്ന ഓണച്ചന്ത ഇന്നുമുതൽ

ഓണം കളറാക്കാൻ സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകളും. 140 നിയമസഭാ മണ്ഡലങ്ങളിലും വാഹനമെത്തും. തിങ്കൾ മുതൽ സെപ്‌തംബർ നാലുവരെയാണിത്‌. 47 വാഹനങ്ങളാണ്‌ ഇതിനായി സജ്ജീകരിച്ചത്‌. ഓരോദിവസവും വ്യത്യസ്‌ത റൂട്ടുകളിലൂടെയാണ്‌ പോകുക. അരി, ഭക്ഷ്യവസ്‌തുക്കൾ, ബ്രാൻഡ്‌ ഉൽപ്പന്നങ്ങൾ തുടങ്ങിയവ വാഹനത്തിലുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home