മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
സപ്ലൈകോ ഓണച്ചന്തകള്‍ 25 മുതൽ

കൊച്ചി
സപ്ലൈകോ ഓണച്ചന്തകള്‍ 25ന് ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കും. എല്ലാ ജില്ലയിലും ഓണച്ചന്ത സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 31 മുതല്‍ സെപ്‌തംബര്‍ നാലുവരെ ഒരു പ്രധാന വിൽപ്പനകേന്ദ്രത്തിനൊപ്പം ഓണംമേളയും നടത്തും. സെപ്‌തംബറിലെ സബ്‌സിഡി ഉൽപ്പന്നങ്ങൾ മുൻകൂറായി ഇൗ മാസം 25 മുതൽ വാങ്ങാമെന്നും മന്ത്രി പറഞ്ഞു.
സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 26 മുതല്‍ സംഘടിപ്പിക്കും. സബ്‌സിഡി ഉല്‍പ്പന്നങ്ങളും അരിയും ഭക്ഷ്യവസ്‌തുക്കളും ബ്രാന്‍ഡഡ് ഉൽപ്പന്നങ്ങളും ലഭിക്കും. വിപണിയിലെ ഇടപെടല്‍മൂലം വെളിച്ചെണ്ണയുടെ വില ഇനിയും കുറയും. 457 രൂപയുടെ കേര വെളിച്ചെണ്ണ ആവശ്യാനുസരണം വാങ്ങാം. സബ്‌സിഡി വെളിച്ചെണ്ണയ്‌ക്ക് പുറമെയാണിത്.
സബ്‌സിഡിയുള്ള എട്ടുകിലോ അരിക്കുപുറമെ ഓണക്കാലത്ത് കാര്‍ഡൊന്നിന് 20 കിലോ പച്ചരിയും പുഴുക്കലരിയും 25- രൂപ നിരക്കില്‍ നൽകും. സബ്‌സിഡി നിരക്കിലുള്ള മുളക് അരക്കിലോയില്‍നിന്ന് ഒരുകിലോയാക്കി. 250ലധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകളും വിലക്കുറവുമുണ്ട്. ഓണം ഗിഫ്റ്റ് ഹാമ്പർ പദ്ധതിയിൽ 50,000 ഓര്‍ഡർ ലഭിച്ചു. ആറുലക്ഷത്തിലധികം എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും 14 ഇനം ഭക്ഷ്യസാധനങ്ങളുള്ള ഓണക്കിറ്റുകള്‍ 26 മുതൽ വിതരണം ചെയ്യും.
ഓണത്തിന് 300 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. രണ്ടരലക്ഷം ക്വിന്റല്‍ ഭക്ഷ്യധാന്യം സംഭരിച്ചിട്ടുണ്ട്. 1000 രൂപയിലധികം സബ്‌സിഡി ഇതര സാധനം വാങ്ങുന്നവര്‍ക്ക് ഒരുപവന്‍ സ്വര്‍ണനാണയമടക്കം സമ്മാനങ്ങളും ഉണ്ട്. സപ്ലൈകോ സേവനങ്ങളിലോ ഉല്‍പ്പന്നങ്ങളിലോ പരാതിയോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ 80783 23000 എന്ന നമ്പറിൽ വാട്‌സാപ് സന്ദേശം അയക്കാമെന്നും മന്ത്രി പറഞ്ഞു.









0 comments