കീശ കീറാതെ 
ഓണം സമൃദ്ധമാകും ; സപ്ലൈകോ ചന്തയ്‌ക്ക്‌ തുടക്കം

Supplyco Onachantha

സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാന ഉദ്‌ഘാടനത്തിന് പുത്തരിക്കണ്ടത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ശബരി വെളിച്ചെണ്ണ പാക്കറ്റ് പരിശോധിക്കുന്നു

വെബ് ഡെസ്ക്

Published on Aug 26, 2025, 01:41 AM | 1 min read


തിരുവനന്തപുരം

സാധാരണക്കാരന്റെ കീശ കീറാതെ ഓണം സമൃദ്ധമായി ആഘോഷിക്കാനുള്ള ഫലപ്രദമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിപണിയിൽ സര്‍ക്കാര്‍ ഇടപെടലുണ്ടാകും. ഓണത്തോടനുബന്ധിച്ച് 2.5 ലക്ഷം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ സംഭരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ക്വിന്റല്‍ അരി, 16,000 ക്വിന്റല്‍ ഉഴുന്ന്, 45,000 ക്വിന്റല്‍ പഞ്ചസാര എന്നിവ ശേഖരിച്ചിട്ടുണ്ട്. സബ്സിഡി നിരക്കിലുള്ള മുളക് അരക്കിലോയില്‍നിന്ന് ഒരുകിലോയാക്കി. ബ്രാൻഡഡ് എംഎഫ്‍സിജി ഉൽപ്പന്നങ്ങളും സപ്ലൈകോ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോ ഓണച്ചന്തയുടെ സംസ്ഥാന ഉദ്‌ഘാടനം കിഴക്കേകോട്ട ഇ കെ നായനാര്‍ പാര്‍ക്കില്‍ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


നൂറ്റമ്പതിലധികം ബ്രാൻഡഡ് ഉൽപ്പന്നങ്ങള്‍ക്ക് ഓഫറുകളും വിലക്കുറവുമുണ്ട്. ഓണം ഫെയറില്‍ മാത്രമല്ല ആയിരത്തിലധികം വരുന്ന വിൽപ്പനശാലകളിലും ഈ ഓഫറുകള്‍ ലഭ്യമാണ്. സാധാരണക്കാരന്റെ ഓണം സമൃദ്ധമാക്കാൻ സപ്ലൈകോയുടെ ഇടപെടല്‍ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായിരിക്കുമ്പോള്‍ മാതൃകാപരമായ വിപണി ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചുനിറുത്താൻ സംസ്ഥാനത്തിനായി–മുഖ്യമന്ത്രി പറഞ്ഞു.


ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായി. ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, പൊതുവിതരണ സെക്രട്ടറി എം ജി രാജമാണിക്യം, പൊതുവിതരണ ഉപഭോക്ത‍‍ൃകാര്യ കമീഷണര്‍ കെ ഹിമ തുടങ്ങിയവരും സംസാരിച്ചു.


രാവിലെ പത്തുമുതൽ രാത്രി എട്ടുവരെയാണ്‌ വിൽപ്പന സമയം. ജില്ലാചന്തകൾ സെപ്‌തംബർ നാലുവരെ പ്രവർത്തിക്കും. 31 മുതൽ സെപ്‌തംബർ നാലുവരെ മണ്ഡലാടിസ്ഥാനത്തിലും ചന്തകളുണ്ടാകും. മാവേലി സ്‌റ്റോർ പ്രവർത്തിക്കാത്ത സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന ചന്തകൾ എത്തും. സബ്‌സിഡി സാധനങ്ങൾ ഇവിടെനിന്ന്‌ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home