സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ശക്തമാകും; വയനാട് മെഡിക്കൽ കോളേജിന് 15 അധ്യാപക തസ്തികകൾ

തിരുവനന്തപുരം: വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുന്നതിന് 15 അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ന്യൂറോളജി, ന്യൂറോ സർജറി, കാർഡിയോളജി, കാർഡിയോ വാസ്‌ക്യുലർ തൊറാസിക് സർജറി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളിലാണ് തസ്തികകൾ സൃഷ്ടിച്ചത്. വയനാട് മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കമ്മീഷൻ അടുത്തിടെ അനുമതി നൽകിയിരുന്നു. തുടർന്ന് വളരെ വേഗത്തിൽ അഡ്മിഷൻ നടത്തി ക്ലാസുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചു. വയനാട് 60 സീറ്റുകളോട് കൂടിയ നഴ്‌സിംഗ് കോളേജും ആരംഭിച്ചിരുന്നു. ഇത് കൂടാതെയാണ് 15 അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂറോളജി, ന്യൂറോ സർജറി, കാർഡിയോളജി, കാർഡിയോ വാസ്‌ക്യുലർ തൊറാസിക് സർജറി, നെഫ്രോളജി എന്നീ വിഭാഗങ്ങളിൽ ഓരോ അസോ. പ്രൊഫസർ തസ്തികയും ഓരോ അസി. പ്രൊഫസർ തസ്തികയും ഓരോ സീനിയർ റെസിഡന്റ് തസ്തികകളുമാണ് സൃഷ്ടിച്ചത്. പ്രകൃതി ദുരന്തങ്ങളും മൃഗങ്ങളുടെ ആക്രമണങ്ങളും ഉണ്ടാകുന്നതിനാൽ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ജില്ലയ്ക്ക് ഏറെ സഹായകരമാകും. വയനാട് മെഡിക്കൽ കോളേജിൽ മികച്ച സൗകര്യങ്ങളൊരുക്കാനായി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ഈ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് പുതിയ മെഡിക്കൽ കോളേജായിട്ടും സൂപ്പർ സ്‌പെഷ്യാലിറ്റി തസ്തികകൾ സൃഷ്ടിച്ചത്.
അടുത്തിടേയാണ് വയനാട്, കാസർഗോഡ് മെഡിക്കൽ കോളേജുകൾക്ക് അനുമതി ലഭ്യമായത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകളും നഴ്‌സിംഗ് കോളേജുകളും യാഥാർത്ഥ്യമായി. പത്തനംതിട്ട, ഇടുക്കി മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 4 മെഡിക്കൽ കോളേജുകൾക്കാണ് ഈ സർക്കാരിന്റെ കാലത്ത് എൻഎംസി അനുമതി ലഭ്യമാക്കി ക്ലാസുകൾ ആരംഭിച്ചത്. ഇതോടെ 300 എംബിബിഎസ് സീറ്റുകളാണ് സർക്കാർ ഫീസിൽ വിദ്യാർഥികൾക്ക് പഠിക്കാൻ ലഭ്യമാക്കിയത്. ഈ സർക്കാരിന്റെ കാലത്ത് സർക്കാർ, സർക്കാരിതര മേഖലകളിലായി 21 നഴ്‌സിംഗ് കോളേജുകളാണ് ആരംഭിച്ചത്. സർക്കാർ മേഖലയിൽ 478 ബിഎസ്‍സി നഴ്‌സിംഗ് സീറ്റുകളിൽ നിന്ന് 1060 സീറ്റുകളാക്കി വർധിപ്പിച്ചു. ആകെ 10300 ലധികം ബിഎസ്‍സി നഴ്‌സിംഗ് സീറ്റുകളാക്കി വർധിപ്പിച്ചു.









0 comments