കൊല്ലംതോറും ഏറുന്ന ആത്മഹത്യ

പ്രതീകാത്മകചിത്രം
സനു കുമ്മിൾ
Published on Jul 21, 2025, 02:04 AM | 1 min read
കടയ്ക്കൽ : ‘‘ഞാൻ പോകുന്നു, ഏട്ടൻ നിരന്തരം മാനസികമായി പീഡിപ്പിക്കുകയാണ്. വീട്ടുകാരോട് കൂടുതൽ പണം ആവശ്യപ്പെടാൻ പറയുന്നു. ഞങ്ങൾ തമ്മിൽ ഫോണിൽക്കൂടി വഴക്കുണ്ടായി, രണ്ടുദിവസംമുമ്പ് ഫോൺ ഏട്ടൻ ബ്ലോക്ക് ചെയ്തു. ഇനി പിടിച്ചുനിൽക്കാനാകില്ല. ഞാൻ പോകുന്നു’ ചടയമംഗലത്ത് ആത്മഹത്യചെയ്ത അടൂർ സ്വദേശിനി ലക്ഷ്മി പിള്ള ആത്മഹത്യാ കുറിപ്പിൽ കുറിച്ചത് ഇങ്ങനെ. ഇത് ഒറ്റപ്പെട്ട ഒന്നല്ല. കൊല്ലം ജില്ല തുടരെത്തുടരെ ദുരന്തങ്ങൾ ആവർത്തിച്ചുകേൾക്കുകയാണ്.
കൊല്ലം ജില്ലയിൽ 2021നും 2025 മാർച്ച് 16നും ഇടയിൽ ജീവനൊടുക്കിയത് 4,483 പേർ. സംസ്ഥാനത്ത് രണ്ടാംസ്ഥാനം. ഒന്നാം സ്ഥാനത്ത് തിരുവനന്തപുരമാണ്, 5897 പേർ. ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കുകളെടുത്താൽ കൊല്ലം ജില്ല മുന്നിലാണ്. 2021ല്‍ ഇന്ത്യൻ നഗരങ്ങളിൽ ജീവനൊടുക്കിയവരുടെ കണക്കിൽ ഏറ്റവും മുകളിൽ കൊല്ലമായിരുന്നു. രാജ്യശരാശരിയുടെ മൂന്നിരട്ടിയിലധികമാണ് ഇതെന്നാണ് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്.
കൊല്ലം സ്വദേശികൾ വിദേശ രാജ്യങ്ങളിൽ ജീവനൊടുക്കിയ സംഭവങ്ങളും നിരവധി. തേവലക്കര കോയിവിള സ്വദേശിനി തട്ടാന്റെ വടക്കതിൽ 'അതുല്യ ഭവന' ത്തിൽ അതുല്യ ശേഖറി (30)നെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയതാണ് അവസാനത്തേത്. കഴിഞ്ഞ ചൊവ്വാഴ്ച ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക (33)യേയും ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2021 ൽ നിലമേല്‍ കൈതോട് കെകെഎംവി ഹൗസില്‍ വിസ്‌മയയെ (24) ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഏറെ ചർച്ചയായിരുന്നു. 1993ഓടെയാണ് കൊല്ലം ഈ നിലയിലേക്ക് മാറിത്തുടങ്ങിയത്. പ്രശ്‌നങ്ങൾ ഗൗരവത്തോടെ കേൾക്കാനും വിഷമങ്ങൾ ഏറ്റുവാങ്ങാനും മറ്റുള്ളവർ മടിക്കുന്നതും ജീവിതനൈരാശ്യത്തിലേക്ക് തള്ളിവിടുന്നതായി മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാർ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number:1056, 0471-2552056)









0 comments