ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് വിദ്യാർഥികൾക്ക് പരിക്ക്; പിന്നാലെ ആസിഡ് കുടിച്ച ഡ്രൈവർ മരിച്ചു

k aneesh kasargod

PHOTO CREDIT: FACEBOOK

വെബ് ഡെസ്ക്

Published on Sep 24, 2025, 04:41 PM | 1 min read

ബേത്തൂർപ്പാറ: കാർ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റത് കണ്ട്‌ പരിഭ്രാന്തനായി ആസിഡ് കുടിച്ച ഓട്ടോഡ്രൈവർ മരിച്ചു. കാസർകോട് പള്ളഞ്ചിയിലെ കെ അനീഷ് (40) ആണ് മരിച്ചത്. ചൊവ്വ വൈകിട്ട് ബേത്തൂർപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമാണ് അപകടം. മൂന്ന്‌ വിദ്യാർഥികൾക്ക്‌ അപകടത്തിൽ പരിക്കേറ്റിരുന്നു.


ബേത്തൂർപ്പാറയിൽ നിന്നും പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷക്ക് പിറകിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ പിൻഭാഗം തകർന്ന്‌ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ബേത്തൂർപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ പള്ളഞ്ചിയിലെ ശ്രീഹരി, അതുൽ, ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്.


പരിക്കേറ്റവരെ ഓടിക്കൂടിയവർ ആശുപത്രിയിലേക്ക്‌ മാറ്റുന്നതിനിടെയാണ്‌ ഡ്രൈവർ അനീഷ് ഓട്ടോയിൽ സൂക്ഷിച്ച ആസിഡ് കുടിച്ചത്‌. ഇയാളെ മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.


പള്ളഞ്ചിയിലെ പരേതനായ ശേഖരൻ നായരുടെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: വീണ (കാർവാർ). മക്കൾ: ധീരവ്, ആരവ് (വിദ്യാർഥികൾ, ബേത്തൂർപ്പാറ ഗവ. എൽപി സ്കൂൾ). സഹോദരങ്ങൾ: രതീഷ്, ലളിത.

അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ബജ ആർട്സ് ആൻഡ് സയൻസ് കോളേജ് അധ്യാപകനായ ബെനറ്റിന്റെ കാറാണ്‌ അപകടത്തിൽ പെട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home