വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ വർധന; ലോകം കേരളത്തിലേക്ക്

തിരുവനന്തപുരം
: പഠനത്തിനായി യുവത്വം നാടുവിടുന്നുവെന്ന പ്രചാരണത്തിന് ഇതാ കേരളത്തിന്റെ മറുപടി. സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലുമായി ബിരുദംമുതൽ ഗവേഷണംവരെയുള്ള പഠനത്തിന് അപേക്ഷിക്കുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി വർധിച്ചു.
കേരള സർവകലാശാലയിലാണ് ഏറ്റവുമധികം അപേക്ഷകർ. ഈ അധ്യയനവർഷം ഇതുവരെ 2620 പേരാണ് കേരള സർവകലാശാലയിൽ അപേക്ഷിച്ചത്.
എംജി സർവകലാശാലയിൽ 982, കുസാറ്റിൽ 1,761 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം
ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നാണ് ഏറ്റവുമധികം അപേക്ഷകർ. യുഎസ്എ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ഈജിപ്ത്, ചൈന, ഇറാഖ്, സെനഗൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നും അപേക്ഷകരുണ്ട്. കേരള സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിനും എംജി, കലിക്കറ്റ് സർവകലാശാലകളിൽ ബിസിനസ് അഡ്മിനിസ്ട്രേഷനും സാങ്കേതിക സർവകലാശാലയിലും കുസാറ്റിലും ബിടെക്കിനുമാണ് അപേക്ഷകർ കൂടുതൽ. നിലവിൽ കേരള സർവകലാശാലയിൽ– -215, എംജി– -141, സാങ്കേതിക സർവകലാശാല– -50, കലിക്കറ്റ്–- 46, കുസാറ്റ്–- 63, ന്യുവാൽസ്–- 2, കണ്ണൂർ–-1 എന്നിങ്ങിനെയാണ് വിദേശ വിദ്യാർഥികളുടെ എണ്ണം.
സംസ്ഥാന സർവകലാശാലകളിലെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഗവേഷണ സൗകര്യങ്ങളാണ് വിദ്യാർഥികളെ ആകർഷിക്കുന്ന പ്രധാനഘടകം.
മികച്ച താമസസൗകര്യം, ലബോറട്ടറി, ലൈബ്രറി, റഫറൻസ് ഗ്രന്ഥശേഖരം, ഗതാഗത സൗകര്യം എന്നിവയും ഗുണമേന്മകളായി വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്‌തമായി മികച്ച ക്രമസമാധാനനിലയും പ്രകൃതിഭംഗിയും കാലാവസ്ഥയും ഭക്ഷണവും കേരളത്തെ വിദേശ വിദ്യാർഥികൾക്ക് പ്രിയങ്കരമാക്കുന്നു.









0 comments