ഷോക്കേറ്റ് വിദ്യാർഥിയുടെ മരണം; വഴിക്കടവ് പഞ്ചായത്തിലേക്ക് ഇന്ന് എൽഡിഎഫ് മാർച്ച്

നിലമ്പൂർ: വഴിക്കടവ് പഞ്ചായത്തിലേക്ക് തിങ്കളാഴ്‌ച എൽഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തും. വന്യമൃഗശല്ല്യം തടയാൻ നിയമപരമായത് പഞ്ചായത്ത് ചെയ്യുന്നില്ല. അതേസമയം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നുമില്ല. അപകടകാരികളായ പന്നിയെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരമുണ്ട്. എന്നാൽ, യുഡിഎഫ് നേതൃത്വത്തിലുള്ള വഴിക്കടവ് പഞ്ചായത്ത് ഭരണസമിതി ഇതുവരെ ഇത് നടപ്പാക്കിയിട്ടില്ല. വൈദ്യുതി മോഷ്‌ടിച്ചതടക്കം അപകടക്കെണിയൊരുക്കുന്നത് ശ്രദ്ധയിൽപ്പെടുത്താനോ തടയാനോയുള്ള ശ്രമമോ പഞ്ചായത്തിന്റെ ഭാഗത്തുനിന്നില്ല. പഞ്ചായത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ് മാർച്ച്.
കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലേയ്ക്കുള്ള വഴി തടഞ്ഞത് തെറ്റ് ആണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പറഞ്ഞു. രാവിലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ആംബുലൻസ് ഉൾപ്പെടെ കടന്നു പോകുന്ന വഴിയാണ് പ്രതിഷേധക്കാർ ഉപരോധിച്ചത്. പുറത്തു നിന്നുള്ള കോൺഗ്രസ് നേതാക്കളാണ് ഇതിന് നേതൃത്വം നൽകിയത്.
പഞ്ചായത്തിൽ പന്നിയെ വെടിവെക്കാൻ ലൈസൻസുള്ളവർ ഉണ്ട്. എന്നാൽ കുടിശികകൊടുക്കാൻ ഉള്ളത്‌കൊണ്ടുതന്നെ അദ്ദേഹം വരുന്നില്ല. അതിനാൽ വഴിക്കടവ് പഞ്ചായത്തിന്റെ അനാസ്ഥയ്ക്ക് എതിരെ നടപടി വേണമെന്നും സ്വരാജ് പറഞ്ഞു
ഇത്തരം ദുരന്തങ്ങളെ രാഷ്‌ട്രീയവൽക്കരിക്കാൻ ശ്രമിക്കരുതെന്നും ദുരന്തത്തിൽ എല്ലാ രാഷ്‌ട്രീയ പാർടികളും ഒരുമിച്ച് നിന്ന് ഇനി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.









0 comments