പെരിയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു

കാലടി: പെരിയാറ്റിൽ കുളിക്കാനിറങ്ങിയ ഏഴാംക്ലാസ് വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. മേക്കാലടി മങ്ങാടൻ ഷിനാസിന്റെയും സുറുമിയുടെയും മകൻ ദുൽഖിഫിനാണ് (11) മരിച്ചത്. തിങ്കൾ വൈകിട്ട് ആറോടെ മേക്കാലടി ലക്ഷംവീട് കടവിലാണ് അപകടം.
അമ്മയ്ക്കും മൂന്നു സഹോദരങ്ങൾക്കും ഷിനാസിന്റെ സഹോദരന്റെ കുട്ടിക്കുമൊപ്പമാണ് ദുൽഖിഫിൻ കുളിക്കാൻ പോയത്. അമ്മ കരയിലിരുന്നു. കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. മറ്റു നാലുപേരെ അമ്മയും നാട്ടുകാരുംചേർന്ന് രക്ഷിച്ചു. ഒഴുക്കിൽപ്പെട്ട ദുൽഖിഫിനിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. അങ്കമാലിയിൽനിന്ന് എത്തിയ അഗ്നി രക്ഷാസേനാംഗങ്ങളും കാലടി പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി 7.15ഓടെ മൃതദേഹം കണ്ടെടുത്തു.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബിസിനസ് ആവശ്യത്തിനായി ഷിനാസും കുടുംബവും കണ്ണൂർ തളപറമ്പിലാണ് താമസം. കുട്ടികളുടെ സ്കൂൾ അവധി പ്രമാണിച്ച് മേക്കാലടിയിലെ തറവാട്ടുവീട്ടിൽ എത്തിയതാണ്. ചൊവ്വാഴ്ച കണ്ണൂരിലേക്ക് തിരികെ പോകാനിരിക്കെയാണ് ദുരന്തം. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മേക്കാലടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരങ്ങൾ: ദിയാൽ അൽദിൻ, ദിൽഹാൻ സലാം, മുഹമ്മദ് ദയാൻ.









0 comments