യാത്രാനിരക്ക് വർധന ; തീരുമാനം വിദ്യാർഥി സംഘടനകളുമായി ചർച്ചചെയ്തശേഷം : ഗണേഷ്‌കുമാർ

ആലപ്പുഴ
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുന്ന കാര്യം വിദ്യാർഥി സംഘടനകളുമായി ചർച്ചചെയ്യാതെ തീരുമാനിക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. സ്വകാര്യ ബസുടമ സംയുക്ത സമിതിയുടെ ആവശ്യങ്ങളിലൊന്നാണ് വിദ്യാർഥികളുടെ യാത്രാനിരക്ക് വർധന.
വിദ്യാർഥികളല്ലാത്തവർ കൺസഷൻ കാർഡ് ഉപയോഗിക്കുന്നത് തടയാൻ എംവിഡി ആപ് തയ്യാറാക്കും. അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പാസ് നൽകും. സ്‌പീഡ് ഗവേർണർ അഴിച്ചുമാറ്റണം, ജിപിഎസ് പാടില്ല, വിഎൽടിഡി വയ്ക്കാൻ പാടില്ല, ഇഷ്‌ടാനുസരണം പെർമിറ്റ് നൽകണം തുടങ്ങിയവയാണ് മറ്റാവശ്യങ്ങൾ. ഇതെല്ലാം സുരക്ഷയ്‌ക്കുവേണ്ടിയുള്ളതാണ്. മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയശേഷം പ്രതികരിച്ചിട്ട് കാര്യമില്ല. അതുണ്ടാകാതിരിക്കാനാണ് സർക്കാർ മുൻകരുതൽ എടുക്കുന്നത്.
കുറ്റവാളികളായ ബസ് തൊഴിലാളികളുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. മയക്കുമരുന്ന് കേസുകൾ, കൊലപാതക ശ്രമം, കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തുടങ്ങിയവയിൽ പങ്കാളികളായവരെ തൊഴിലാളികളാക്കരുതെന്നാണ് സർക്കാർ നിലപാട്. സ്‌ത്രീകളുടെയും കുട്ടികളുടെയുമടക്കം എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.









0 comments