വയനാട്, കാസർകോട് മെഡിക്കൽ കോളേജുകൾ

വിദ്യാർഥി പ്രവേശനം സുഗമമാക്കാൻ അടിയന്തര നടപടി: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ യോഗങ്ങൾ ചേർന്നു

veena
വെബ് ഡെസ്ക്

Published on Sep 06, 2025, 02:28 PM | 1 min read

തിരുവനന്തപുരം: വയനാട്, കാസർകോട് മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമീഷൻ അനുമതി നൽകിയ സാഹചര്യത്തിൽ വിദ്യാർഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ കോളേജിന് അനുമതി ലഭിച്ചത് രണ്ട് ജില്ലകളേയും സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ രണ്ട് മെഡിക്കൽ കോളേജുകളും സന്ദർശിച്ച് വിദ്യാർഥി പ്രവേശനത്തിനായുള്ള സൗകര്യങ്ങൾ ഉറപ്പാക്കണം. സമയബന്ധിതമായി എംബിബിഎസ് അഡ്മിഷൻ നടത്താനും മന്ത്രി നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ യോഗങ്ങളിലാണ് മന്ത്രി നിർദേശം നൽകിയത്.


രണ്ട് മെഡിക്കൽ കോളേജുകൾക്കും നേരത്തെ തസ്തിക സൃഷ്ടിച്ചിരുന്നു. ഇവിടങ്ങളിൽ പിഎസ്‍സി വഴിയുള്ള നിയമനം ഉറപ്പാക്കും. രണ്ട് മെഡിക്കൽ കോളേജുകൾക്കും അധികമായി ആവശ്യമുള്ള തസ്തികൾ സംബന്ധിച്ച് നേരത്തെ തന്നെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു. ഓണത്തിന്റെ തിരക്കാണെങ്കിലും അഡ്മിഷൻ തിയതി അടുത്ത സാഹചര്യത്തിൽ സമയബന്ധിതമായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി.


രണ്ട് മെഡിക്കൽ കോളേജുകളുടേയും സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. വയനാട് മെഡിക്കൽ കോളേജിനായി കണ്ടെത്തിയ ഭൂമിയിൽ അനുമതി കിട്ടിയാലുടൻ മാസ്റ്റർ പ്ലാൻ അനുസരിച്ച് കിഫ്ബി വഴി അക്കാഡമിക്, അഡ്മിനിസ്‌ട്രേഷൻ, ഹോസ്റ്റൽ ബ്ലോക്കുകൾ നിർമിക്കാനുള്ള നടപടി സ്വീകരിക്കും. കാസർകോട് മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം കിഫ്ബിയിലൂടേയും കാസർകോട് ഡെവലപ്‌മെന്റ് പാക്കേജിലൂടേയും സാധ്യമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home