റേഷൻ വിതരണ വ്യാപാരികളുടെ സമരം പിൻവലിച്ചു; തീരുമാനം ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വേതന പാക്കേജ് പഠിച്ചതിനു ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. മാസ വേതനം 15ആം തീയതിക്കു മുൻപ് നൽകും. ഡിസംബർ മാസത്തെ വേതനം ഉടൻ നൽകും. വേതന പരിഷ്കാര ചർച്ചകൾ മാർച്ചിൽ നടത്തുമെന്നും മന്ത്രി ഉറപ്പ് നൽകി.
റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തോട് സഹകരിക്കാതെ സംസ്ഥാനത്ത് ഇന്ന് ഇരുന്നൂറിലധികം റേഷൻ കടകൾ തുറന്നു പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിൽ 20ലധികം കടകൾ തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 256 റേഷൻകടകൾ തുറന്നു പ്രവർത്തിക്കുന്നത്.
സമരം നടത്തുന്നത് ശരിയല്ലെന്ന് മന്ത്രിമാരായ ജിആർ അനിൽ, കെ എൻ ബാലഗോപാൽ എന്നിവർ കഴിഞ്ഞ ദിവസം റേഷൻ വ്യാപാരികളോട് വ്യക്തമാക്കിയിരുന്നു. ചില കാര്യങ്ങൾ കേന്ദ്ര സർക്കാർ കൂടി പരിഗണിക്കേണ്ടവയാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തനിയെ ഇടപെടാൻ കഴിയില്ലെന്നും മന്ത്രിമാർ വ്യാപാരികളോട് പറഞ്ഞിരുന്നു.









0 comments