തെരുവുനായശല്യം ; നഷ്ടപരിഹാരത്തിന്‌ ജില്ലാ സമിതികൾ രൂപീകരിച്ചതായി സർക്കാർ

Stray Dog Control
വെബ് ഡെസ്ക്

Published on Aug 21, 2025, 12:22 AM | 1 min read


കൊച്ചി

തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള അപേക്ഷ പരിഗണിക്കാൻ എല്ലാ ജില്ലയിലും കേരള ലീഗൽ സർവീസസ്‌ അതോറിറ്റിയുടെ കീഴിൽ പ്രത്യേക സമിതി നിലവിൽ വന്നതായി സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ചെയർമാനായ സമിതിയിൽ ഡിഎംഒ, തദ്ദേശവകുപ്പ് ജോയിന്റ്‌ ഡയറക്ടർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവർ അംഗങ്ങളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.


മൃഗജനനനിയന്ത്രണ (എബിസി) പദ്ധതി ശക്തിപ്പെടുത്തും, തെരുവുനായകൾക്ക് വാക്സിനേഷൻ വ്യാപകമാക്കും, വളർത്തുനായകൾക്ക് ലൈസൻസ് നിർബന്ധമാക്കും എന്നിവയും റിപ്പോർട്ടിലുണ്ട്. 2024 ഒക്ടോബർ മുതൽ 2025 ജൂലൈവരെ 3.08 ലക്ഷംപേർക്ക് നായയുടെ കടിയേറ്റു. അതിൽ 32 ശതമാനവും തെരുവുനായകളാണ്‌. 2019-ലെ സെൻസസ് അനുസരിച്ച് സംസ്ഥാനത്ത് ഏകദേശം 2.89 ലക്ഷം തെരുവുനായകളുണ്ടെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.


നിലവിൽ തെരുവുനായ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഹർജികൾ സെപ്തംബർ ഒമ്പതിനുശേഷം പരിഗണിക്കുമെന്നും ജസ്റ്റിസ് സി എസ് ഡയസ് അറിയിച്ചു. തെരുവുനായശല്യം നിയന്ത്രിക്കാൻ നടപടിയാവശ്യപ്പെട്ട് നിയമവിദ്യാർഥി കീർത്തന സരിൻ അടക്കം നൽകിയ ഹർജികളാണ് പരിഗണനയിലുള്ളത്.




deshabhimani section

Related News

View More
0 comments
Sort by

Home