തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാന്‍ നടപടി

TVM Airport
വെബ് ഡെസ്ക്

Published on Apr 10, 2025, 07:37 PM | 1 min read

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാന്‍ നടപടിയെടുക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അറവ് മാലിന്യം ശാസ്ത്രിയമായി സംസ്ക്കരിക്കാനും അറവ് കേന്ദ്രീകൃതമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പൊതുസ്ഥലത്തെ അറവും ലൈസന്‍സ് ഇല്ലാത്ത സ്റ്റാളുകളും ബദല്‍ സംവിധാനം ഉറപ്പാക്കി ഒഴിവാക്കണം. കൊര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ നടക്കുന്ന മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിമാനത്താവളത്തിന്‍റെ സിഎസ്ആര്‍ ഫണ്ടു കൂടി ഉപയോഗിക്കണം. മാലിന്യ നിക്ഷേപ സാധ്യതാ സ്ഥലങ്ങളില്‍ സിസിടിവി നിരീക്ഷണം ഉറപ്പാക്കണം. ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്ക്കരണം. അജൈവ മാലിന്യ സംസ്ക്കരണവും ശക്തിപ്പെടുത്തണം.


എയര്‍പോര്‍ട്ട് പരിസര പ്രദേശം മുഴുവന്‍ സമ്പൂണ മാലിന്യ മുക്തമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കണം. അറവ് മാലിന്യം ഉള്‍പ്പെടെ തള്ളുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണം. ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കണം. റസിഡന്‍സ് അസോസിയേഷന്‍, കുടുംബശ്രീഅയല്‍കൂട്ടം, സാമൂഹ്യ, സമുദായിക, സാംസ്കാരിക സംഘടനകളുടെ യോഗം വിളിച്ച് പക്ഷി ശല്യം ഉണ്ടാക്കുന്ന അപകടാവസ്ഥയെക്കുറിച്ചും മാലിന്യ സംസ്ക്കരണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ബോധവല്‍ക്കരിക്കണം. കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങളൊക്കെ നടത്തേണ്ടത്. വിമാനത്താവള മാനേജ്മെന്‍റ് പ്രതിനിധി കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. മാതൃകാപരമായ ഭൂപ്രദേശമാക്കി എയര്‍പോര്‍ട്ട് പരിസരത്തെ മാറ്റാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ എ ജയതിലക്, കെ ആര്‍ ജ്യോതിലാല്‍, തദ്ദേശ സ്വയം ഭരണ സ്പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ തുടങ്ങിയവര്‍ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home