എസ്‌ഐഎഫ്‌എല്ലിന് ചരിത്രക്കുതിപ്പ് ; റെക്കോഡ് വിറ്റുവരവ്, ലാഭത്തിൽ വൻ വർധന

എസ്‌ഐഎഫ്‌എല്ലിൽ ഉൽപ്പന്നങ്ങൾ നിർമിക്കുന്നു
വടക്കാഞ്ചേരി(തൃശൂർ) : പ്രതിരോധ ബഹിരാകാശ മേഖലകളിൽ രാജ്യത്തെ മികച്ച ഫോർജിങ് വ്യവസായസ്ഥാപനവും സംസ്ഥാന പൊതുമേഖലാ സ്ഥാപനവുമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്‌സ് ലിമിറ്റഡിന് റെക്കോഡ് വിറ്റുവരവും ലാഭവും. അറ്റാദായത്തിൽ 155 ശതമാനമാണ് വർധന. അഞ്ച് വർഷമായി തുടർച്ചയായി ലാഭത്തിലാണ് എസ്‌ഐഎഫ്‌എൽ പ്രവർത്തിക്കുന്നത്.
പ്രാഥമിക കണക്കെടുപ്പ് അനുസരിച്ച് 2024–-25ലെ വിറ്റുവരവ് 76.05 കോടിയിലെത്തി. കഴിഞ്ഞവർഷം 70.05 കോടിയായിരുന്നു. കമ്പനിയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്നതാണിത്. പ്രവർത്തനലാഭം ഈ വർഷം 7.85 കോടിയിലെത്തി. 6.90 കോടിയിൽ നിന്നും 13.65 ശതമാനമാണ് വർധന. അറ്റാദായം കഴിഞ്ഞ വർഷത്തെ 47.04 ലക്ഷത്തിൽ നിന്നും 155ശതമാനം വർധിച്ച് 120 ലക്ഷത്തിലെത്തി. ഈ കാലയളവിൽ 2.18 കോടി രൂപയുടെ കയറ്റുമതി നടത്തിയതായും ചെയർമാൻ അഡ്വ. ഷെറീഫ് മരയ്ക്കാർ, മാനേജിങ് ഡയറക്ടർ കമാൻഡർ പി സുരേഷ് എന്നിവർ അറിയിച്ചു.
തൃശൂർ അത്താണി കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്ഐഎഫ്എൽ ഡിഫൻസ്, ഏറോസ്പേസ്, ഓയിൽ ആൻഡ് ഗ്യാസ് ,ഓട്ടോമൊബൈൽ, റെയിൽവേ തുടങ്ങിയ മേഖലകൾക്ക് ആവശ്യമായ ഫോർജിങ്ങുകൾ നിർമിച്ച് നൽകുന്ന സ്ഥാപനമാണ്. ചാന്ദ്രയാൻ, ആദിത്യ എൽ 1 തുടങ്ങി ബഹിരാകാശ ദൗത്യങ്ങളിൽ വിവിധ ഘട്ടങ്ങൾക്കായുള്ള ഫോർജിങ്ങുകൾ കൃത്യതയോടെ നിർമിച്ചുനൽകിയത് എസ്ഐഎഫ്എൽ ആണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം കമ്പനി വൻകുതിപ്പിലാണ്. വ്യവസായ മന്ത്രി പി രാജീവിന്റെ കൃത്യതയാർന്ന ഇടപെടൽ കമ്പനിയുടെ വളർച്ചയ്‌ക്ക് വഴിയൊരുക്കുകയാണ്.









0 comments