print edition ജലനയ രൂപീകരണത്തിന് ദിശയേകി ജലവിഭവ സംസ്ഥാന സെമിനാർ​

State seminar
avatar
കെ ടി രാജീവ്‌

Published on Oct 18, 2025, 12:09 AM | 1 min read

ഇടുക്കി: ജലവിഭവത്തിന്റെ വൈവിധ്യ തലങ്ങളെ സ്‌പർശിച്ചും സുസ്ഥിര ജലവികസനവും വിഭവ പരിപാലനവും ലക്ഷ്യമിട്ടും സംഘടിപ്പിച്ച സംസ്ഥാന സെമിനാർ വേറിട്ടതായി. കേരളത്തിന്റെ ഭാവി ജലനയങ്ങൾക്ക് രൂപം നൽകാനായി ജലവിഭവ വകുപ്പിന്റെ ‘വിഷൻ 2031’ സെമിനാർ കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്തു. മുഴുവൻ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. സമഗ്ര ജലവിഭവ പരിപാലനവും മലിനീകരണ നിയന്ത്രണത്തിന്‌ പര്യാപ്തമായ -ശുദ്ധീകരണ സാങ്കേതികവിദ്യകളുടെ ആവശ്യകതയും ജല പുനരുപയോഗവും ഉൾപ്പെടെയുള്ളവ സംബന്ധിച്ച സെമിനാറും ചർച്ചയും നിർദേശങ്ങളുമെല്ലാം ഭാവി ജലനയങ്ങൾക്ക് മാർഗരേഖയായി. 2031ൽ കേരളം എങ്ങനെയായിരിക്കണം എന്ന ചർച്ചയ്ക്ക് തുടക്കമായി. പത്തുവർഷത്തിനുള്ളിൽ 17 ലക്ഷത്തിൽനിന്ന് 48 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാൻ സർക്കാരിനായി. ഗുണഭോക്താങ്ങളുടെ എണ്ണം 2.54 കോടിയായി ഉയർന്നു. ഗാർഹിക കണക്ഷനുകൾ 45.73 ലക്ഷമായി.


1500 ലധികം പേരാണ് സെമിനാറിൽ പങ്കെടുത്തത്. സുസ്ഥിര ജലവിതരണ സംവിധാനങ്ങൾ ഉറപ്പാക്കൽ, ഭൂഗർഭജല സംരക്ഷണം, റീ ചാർജ്, സുസ്ഥിരമായ ഉപയോഗം, സുസ്ഥിര ജലസംരക്ഷണവും വിഭവ പരിപാലനവും സമഗ്ര ജലവിഭവ പരിപാലനം, കനാൽ അറ്റകുറ്റപ്പണികൾക്കുള്ള നൂതനവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്‌ധർ സെമിനാർ നയിച്ചു. ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹ, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് എന്നിവർ ആമുഖപ്രഭാഷണം നടത്തി. ജലവിഭവ വകുപ്പ്‌ പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.


​എംഎൽഎമാരായ എം എം മണി, എ രാജ, കേരള വാട്ടർ അതോറിറ്റി എംഡി പി ബി നൂഹ്, കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ കെ ജെ ബെന്നി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, കാർഷിക കടാശ്വാസ കമീഷൻ അംഗം ജോസ് പാലത്തിനാൽ, ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർമാരായ ബിനോയ് ടോമി ജോർജ്, വി കെ പ്രദീപ്, ഭൂഷല വകുപ്പ് ഡയറക്ടർ ഇൻചാർജ് റിനി റാണി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home