മേൽപ്പാലങ്ങളുടെ അടിവശത്ത് 'വി'പാര്‍ക്കുകള്‍ സംസ്ഥാന വ്യാപകമാക്കുന്നു: മൂന്ന് പദ്ധതികള്‍ക്ക് അനുമതി

V Park Kollam.jpg
വെബ് ഡെസ്ക്

Published on Sep 19, 2025, 09:05 PM | 2 min read

തിരുവനന്തപുരം: മേല്‍പ്പാലങ്ങളുടെ അടിവശത്ത് സൗന്ദര്യവല്‍ക്കരണം നടത്തി വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ടുള്ള വി പാര്‍ക്ക് പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപകമാക്കാന്‍ വിനോദസഞ്ചാര വകുപ്പ്. ഇതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ മൂന്ന് പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. സംസ്ഥാനത്താകെ ഇരുപതിടങ്ങളില്‍ ഡിപിആര്‍ തയ്യാറാക്കുന്നുണ്ട്. വിനോദസഞ്ചരവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.


ഡിസൈന്‍ പോളിസിയുടെ ഭാഗമായി കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ മാതൃകാപരമായ പദ്ധതിയായി വി പാര്‍ക്കിനെ മാറ്റിയെടുക്കാനാണ് വിനോദസഞ്ചാരവകുപ്പിന്റെ തീരുമാനം. ഉപയോഗിക്കാതെ കിടക്കുന്ന മേല്‍പ്പാലങ്ങളുടെ അടിവശം പൊതുജനസൗഹൃദമാക്കുകയെന്ന ലക്ഷ്യവുമുണ്ട്. കേരളാ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് (കെടിഐല്‍) പദ്ധതിയുടെ നോഡല്‍ ഏജന്‍സി.


മേല്‍പ്പാലങ്ങളുടെ അടിവശത്ത്, മനോഹരമായ നടപ്പാതകള്‍, ചിത്രങ്ങള്‍ വരച്ച സൈഡ് വാളുകള്‍, ബാഡ്മിന്റണ്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ബെഞ്ചുകളുള്‍പ്പെടെയുള്ള ഇരിപ്പിടങ്ങള്‍, ആംഫി തിയേറ്റര്‍, ട്രാഫിക് നിയമങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും കളിയുപകരണങ്ങളും, ഓപ്പണ്‍ ജിം, ക്യാമറകളും മറ്റ് സുരക്ഷാസജ്ജീകരണങ്ങളും, മനോഹരമായ പുല്‍ത്തകിടികള്‍, വെളിച്ച സജ്ജീകരണസംവിധാനങ്ങള്‍, കഫെ, ശൗചാലയങ്ങള്‍ സജ്ജമാക്കല്‍ തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഓരോ പദ്ധതിക്കുമായി ഡിപിആര്‍ പൂര്‍ത്തിയായാല്‍ നിര്‍വഹണ ഏജന്‍സിയെ ടെന്‍ഡറിലൂടെ പിന്നീട് നിശ്ചയിക്കും.


നേരത്തെ അവഗണിക്കപ്പെട്ട് പാഴായിക്കിടന്ന ഇടങ്ങളെ മനോഹരമാക്കി സംരക്ഷിച്ച് വിനോദ ഉപാധികള്‍ക്കുള്ള മേഖലയാക്കി മാറ്റുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയമാണ് ഇത്തരം സംരംഭങ്ങള്‍ക്ക് പിന്നിലെന്ന് വിനോദസഞ്ചാരവകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുസ്ഥലങ്ങള്‍ മനോഹരമാക്കി സംരക്ഷിക്കുകയെന്നത സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒത്തൊരുമിച്ചുകൂടി കായിക വിനോദങ്ങളിലേര്‍പ്പെടിനുള്ള പൊതു ഇടമാണ് വി പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. കൊല്ലത്ത് നടപ്പാക്കിയ പൈലറ്റ് പദ്ധതി വന്‍വിജയമായതോടെയാണ് വി പാര്‍ക്ക് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. കൂടാതെ പ്രകൃതി മനോഹര ഇടങ്ങളായി മാറുന്നതോടെ നഗരങ്ങള്‍ ഹരിതാഭമായി മാറുമെന്നും മന്ത്രി പറഞ്ഞു.


വടക്കാഞ്ചേരിയിലെ അത്താണി റെയില്‍വേ മേല്‍പ്പാലം, മുളങ്കുന്നത്തുകാവ് റെയില്‍വേ മേല്‍പ്പാലം, വടക്കാഞ്ചേരി തൃശൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചെമ്പിശ്ശേരി റെയില്‍വേ മേല്‍പ്പാലം എന്നിവിടങ്ങളിലെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. ഈ പദ്ധതികള്‍ക്കെല്ലാം പൊതുമരാമത്ത് വകുപ്പിന്റെ എന്‍ഒസിയും ലഭിച്ചിട്ടുണ്ട്. അത്താണിയില്‍ എഴുപത് ലക്ഷത്തി അറുപതിനായിരം, മുളങ്കുന്നത്തുകാവില്‍ അമ്പത്തിയഞ്ച് ലക്ഷത്തി മുപ്പതിനായിരം, ചെമ്പിശ്ശേരിയില്‍ എഴുപത്തിയെട്ട് ലക്ഷത്തി എഴുപതിനായിരം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഈ പദ്ധതികള്‍ ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും.


വി പാര്‍ക്കുകളായി മാറുന്നതോടെ മേല്‍പ്പാലങ്ങളുടെ അടിവശം സാമൂഹിക ഇടപെടലുകള്‍ക്കും സാംസ്‌കാരിക കൂടിച്ചേരുലകള്‍ക്കുമുള്ള ഇടമായി മാറുമെന്നതാണ് പ്രത്യേകത. പൊതുവഴികളിലെ യാത്രക്കാര്‍ക്കുള്ള ഇടത്താവളവും പ്രദേശവാസികള്‍ക്ക് കായിക വിനോദത്തിനുള്ള കേന്ദ്രവുമായി ഇവിടങ്ങള്‍ മാറും. യാത്രക്കാര്‍ക്കുള്ളള അടിസ്ഥനസൗകര്യങ്ങളും ഇവിടെ സജ്ജമാക്കുമെന്നതും പ്രത്യേകതയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home