മനുഷ്യന് ഭീഷണിയായ വന്യജീവികളെ കൊല്ലാൻ കേന്ദ്രത്തോട് സർക്കാർ അനുമതി തേടും

wild animal encounters
വെബ് ഡെസ്ക്

Published on May 28, 2025, 04:55 PM | 1 min read

തിരുവനന്തപുരം: ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് കേന്ദ്ര സർക്കാരിൻറെ അനുമതി തേടാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. കാട്ടുപന്നികളെ കൂടാതെ മനുഷ്യൻറെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിൻറെ അനുമതി തേടാനുള്ള നടപടി സ്വീകരിക്കാൻ വനം- വന്യജീവി വകുപ്പിനെ ചുമതലപ്പെടുത്തി.


നിയമ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ ആവശ്യമായ നിയമനിർമ്മാണത്തിനുള്ള നിർദേശം സമർപ്പിക്കാൻ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഹോണററി വൈൽഡ് ലൈഫ് വാർഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സർക്കാർ ഉത്തരവുകളുടെ കാലാവധി ഒരുവർഷത്തേക്ക് കൂടി ദീർഘിപ്പിക്കും.


അതേസമയം മനുഷ്യ– വന്യജീവി സംഘർഷം കുറയ്‌ക്കാനുള്ള പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കിയുള്ള നടപടിക്ക്‌ കേന്ദ്രനിലപാട്‌ വിഘാതം സൃഷ്ടിക്കുകയാണ്‌. സംസ്ഥാനങ്ങൾക്ക്‌ മതിയായ നഷ്ടപരിഹാര വിഹിതം നൽകാനോ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താനോ തയ്യാറാകുന്നില്ല.


മനുഷ്യ– വന്യജീവി സംഘർഷം ലഘൂകരിക്കാനാണ്‌ കേരളം 10 മിഷൻ അവതരിപ്പിച്ചത്‌. കൃത്യമായ പഠനം നടത്തി പരിഹാരം കണ്ടെത്താനുള്ള ഇടപെടലുകൾക്ക്‌ സാമ്പത്തിക സഹായമുൾപ്പെടെയുള്ള ലഭിച്ചാലേ മിഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമമാകൂ. 1000 കോടി രൂപയാണ്‌ കേരളം ആവശ്യപ്പെട്ടത്‌. ഇത്‌ അംഗീകരിച്ചിട്ടില്ല.


അഞ്ചുവർഷത്തിനിടെ വന്യജീവി ആക്രമണങ്ങളിൽ 451 പേരാണ്‌ കൊല്ലപ്പെട്ടത്‌. 2020–24ൽ രാജ്യത്ത് ആനയുടെ ആക്രമണത്തിൽ 2869 പേർ കൊല്ലപ്പെട്ടപ്പോൾ കേരളത്തിന് നഷ്ടമായത് 120 ജീവൻ. കേന്ദ്ര വനം–- പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കിൽ 102 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. കടുവകൾ കൊന്നത് നാലുപേരെ. കാട്ടുപന്നിയുടെയും മറ്റു മൃഗങ്ങളുടെയും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ കേന്ദ്രത്തിന്റെ പക്കലില്ല.


പാമ്പ്- (227), പന്നി- (39), പോത്ത്- (8), കടന്നൽ- (40) മറ്റുള്ളവ- (13) എന്നിവയുടെ ആക്രമണത്തിലായിആകെ 327 പേർ സംസ്ഥാനത്ത് മരിച്ചു. 2016 മുതൽ 2023 വരെ 7492 പേർക്ക്‌ വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേറ്റു. വന്യജീവി ആക്രമണത്തിൽ കൂടുതൽ മരണം ഒഡിഷ, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്‌.






deshabhimani section

Related News

View More
0 comments
Sort by

Home