അതിദരിദ്രരില്ലാത്ത കേരളം, കരുതലിന്റെ പുഞ്ചിരികൾ


റഷീദ് ആനപ്പുറം
Published on Oct 28, 2025, 05:02 PM | 6 min read
കേരളം എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച നാടാണ്. ലോകത്തിനും രാജ്യത്തിനും ഒട്ടേറെ മാതൃകകൾ സൃഷ്‌ടിച്ചിട്ടുണ്ട് ഇൗ കൊച്ച് നാട്. ഭൂപരിഷ്‌കരണമാകട്ടെ, സമ്പൂർണ സാക്ഷരതയാകട്ടെ, ജനകീയാസൂത്രണമാകട്ടെ, കുടുംബശ്രീ ആകട്ടെ, കേരളത്തിന്റെ ചില മാതൃകകൾ ആണിത്. അഞ്ച് ലക്ഷം പേർക്ക് ലൈഫിലൂടെ വീട് നൽകി. ഇല്ലായ്‌മയിലും വല്ലായ്‌മയിലും നിരാലംബരെ എന്നും ചേർത്ത് നിർത്തിയത് കമ്യൂണിസ്‌റ്റ് പ്രസ്ഥാനമാണ്. സിപിഐ എം നേതൃത്വത്തിലുള്ള സർക്കാരുകളുടെ സംഭവനയാണ് ഇതെല്ലാം. ഇടത് പക്ഷ മനസ്സും ജനങ്ങളോടുള്ള പ്രതിബദ്ധതയും രാഷ്‌ട്രീയ ഇഛാശക്തിയുമാണ് ഇതിന് കാരണം. ഇപ്പോഴിതാ ലോകത്തെ വിസ്‌മയിപ്പിച്ച് ‘അതിദരിദ്രരില്ലാത്ത കേരളം ’ പദ്ധതിയും. 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ സർക്കാർ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു. പാർപ്പിടം, ചികിത്സ, ഉപജീവനമാർഗം തുടങ്ങിയ വഴികളിലൂടെയാണ് ഇൗ കരുതൽ. കേരള പിറവി ദിനമായ നവംബർ ഒന്നിന് ഇതിന്റെ ഒൗദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുകയാണ്. ഇതേകുറിച്ച് ദേശാഭിമാനി ചീഫ് സബ്‌എഡിറ്റർ റഷീദ് ആനപ്പുറം എഴുതുന്നു.
തിരുവനന്തപുരം: ‘ ഞങ്ങൾക്കിത് സ്വർഗമാണ്. ഒരിക്കലും ഇങ്ങനെ ഒരു വീട് സ്വപ്‌നത്തിൽപോലും പ്രതീക്ഷിച്ചിട്ടില്ല. മഴയേയും കാറ്റിനേയും ഭയക്കാതെ ഇപ്പോൾ ഞങ്ങൾ ധൈര്യത്തോടെ കഴിയുന്നു. സർക്കാരിന് നന്ദി...’ ഇതു പറയുമ്പോൾ പൂക്കുളത്ത് അതിദാരിദ്ര്യമില്ലാത്ത കേരളം പദ്ധതിയിൽ ഫ്‌ളാറ്റ് കിട്ടിയ സന്തോഷത്തിൽ ആഷിക്ക് ഹുസൈൻ പറഞ്ഞു. ഇവിടെതന്നെ ഫ്‌ളാറ്റ് കിട്ടിയ രത്നമ്മക്കും നസീറക്കും പങ്കുവെക്കാൻ സന്തോഷം ഏറെ. ‘ ഇരുട്ടിനെ ഭയക്കാതെ ഇപ്പോൾ പഠിക്കാനാകുന്നുണ്ട്. നല്ല കോൺഫിഡൻസുമുണ്ട്’–പ്ലസ്‌വൺ വിദ്യാർഥിനിയായ അമൃത പറയുന്നു. അഛനും അമ്മയുമില്ലാത്ത അമൃതയും സഹോദരനും അമ്മൂമ്മ രത്നമ്മയുടെ സംരക്ഷണയിലാണ് കഴിയുന്നത്.
ആഷിക്ക് ഹുസൈനും മക്കളും ഫ്ലാറ്റിന് മുമ്പിൽ
‘ വീട്ടു ജോലിക്ക് പേയായിരുന്നു കുടുംബം പുലർത്തിയത്. പിന്നീട് അതിന് കഴിയാതെ വന്നു. അപ്പോഴാണ് അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി ചെറിയകൊ.ൊകൊച്ചു പച്ചക്കറി കട തുടങ്ങാനായത്. ഇത് വലിയ സഹായമായി....’ ഗൗരീശപട്ടത്ത് ക്ഷേത്രത്തിനടുത്ത് പച്ചക്കറി കച്ചവടം നടത്തുന്ന ഗീത പറഞ്ഞു.
ഇത് ഇവരുടെ മാത്രം സന്തോഷമല്ല. കേരളത്തിലെ 1032 തദ്ദേശസ്ഥാപനങ്ങളിലെ 64,006 കുടുംബങ്ങളിലും ഇൗ പുഞ്ചിരി കാണാം.
രത്നമ്മയും കൊച്ചുമകൾ അമൃതയും തങ്ങൾക്ക് സർക്കാർ നൽകിയ ഫ്ലാറ്റിനുള്ളിൽ സന്തോഷം പങ്കിടുന്നു.
സമൂഹത്തിൽ ഏറ്റവും ദുർബലരെ ചേർത്തുനിർത്തുക എന്നതാണ് ഏതൊരു ക്ഷേമ സർക്കാരിന്റെ പ്രാഥമിക നടപടി. കഴിഞ്ഞ എൽഡിഎഫ് സർക്കാരും ഇൗ സർക്കാരും ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങളാണ് നടത്തുന്നത്. അതിൽ എന്തുകൊണ്ടും മനോഹരമാണ് ‘അതിദരിദ്രരില്ലാത്ത കേരളം’ പദ്ധതി. നീതി ആയോഗിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം. 0.7 ശതമാനമാണ് നമ്മുടെ ദാരിദ്ര്യ കണക്ക്. -അവരെ കണ്ടില്ലെന്ന് നടിക്കുകയല്ല, ചേർത്തുനിർത്തുകയായിരുന്നു സർക്കാർ. വേണമെങ്കിൽ ഒരു സർക്കാരിന് കണ്ടില്ല എന്ന് നടിക്കാവുന്ന ആ ചെറു ന്യൂനപക്ഷത്തെ കൈപിടിച്ചുയർത്താനാണ് സർക്കാർ തീരുമാനിച്ചത്.
പദ്ധതിയുടെ തുടക്കം
സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. 2021-ൽ അധികാരത്തിലെത്തിയ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം പദ്ധതി. 2021 ജൂലൈയിൽതന്നെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ ആരംഭിച്ചു. വിവിധ ക്ലേശഘടകങ്ങൾ മാനദണ്ഡമാക്കിയാണ് സർവെ നടത്തിയത്. അങ്ങനെയാണ് 64,006 കുടുംബങ്ങളിലായി 103099 വ്യക്തികളെ കണ്ടെത്തിയത്. അടുത്ത ഘട്ടമായി പട്ടികയിലുള്ളവർക്ക് ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാന മാർഗം എന്നിവ ലഭ്യമാക്കി.
ആദ്യം പൈലറ്റായി വടക്കാഞ്ചേരി മുനിസിപ്പാലിറ്റി (തൃശ്ശൂര്‍), അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് (തിരുവനന്തപുരം), തിരുനെല്ലി ഗ്രാമപഞ്ചായത്ത് (വയനാട്) എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി തുടങ്ങിയത്. ഇത് വിജയമായതോടെ പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപിപ്പിയ്ക്കുകയായിരുന്നു.
ഒരുക്കം ഇങ്ങനെ
സമഗ്രമായ തയ്യാറെടുപ്പോടെയാണ് പദ്ധതി സർക്കാർ വിജയത്തിലെത്തിച്ചത്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് ലക്ഷം പേര്‍ക്കാണ് കിലയുടെ നേതൃത്വത്തില്‍ പരിശീലനം നൽകിയത്. തദ്ദേശ ഭരണ സ്ഥാപന തലങ്ങളിലും വാര്‍ഡ്/ഡിവിഷന്‍ തലങ്ങളിലും സജീവമായ പങ്കാളിത്തത്തോടെയാണ് അതിദരിദ്ര കുടുംബങ്ങളുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയത്. തുടർന്ന് സാമൂഹിക സംഘടനകള്‍, വിഷയമേഖലാ വിദഗ്ധര്‍, എന്നിവരെ പങ്കെടുപ്പിച്ച് ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ മുഖേന വിവിധ പദ്ധതികളില്‍ ഒഴിവായിപ്പോയവര്‍, അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ ഉള്‍പ്പെടെ 1,18,309 കുടുംബങ്ങളെയാണ് പ്രാഥമിക പട്ടികയിൽ ഉൾപ്പെടുത്തിയത്. പിന്നീട് തദ്ദേശ സ്ഥാപന തലത്തില്‍ രൂപീകരിച്ച ഉപസമിതികളുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ 87,158 കുടുംബങ്ങളുടെ ചുരുക്ക പട്ടിക തയ്യാറാക്കി.
വീണ്ടും പ്രത്യേകം വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച്, പരിശീലനം ലഭിച്ച വളണ്ടിയർമാരുടെ സഹായത്തോടെ 87,158 കുടുംബങ്ങളുടെയും വിശദാംശങ്ങൾ, അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ശേഖരിച്ചു. അങ്ങനെ ശേഖരിച്ച വിവരങ്ങളുടെ 20 ശതമാനം, പ്രത്യേക ഉദ്യോഗസ്ഥ സംഘങ്ങളെ നിയോഗിച്ച് സൂപ്പർചെക്ക് നടത്തി 73,747 കുടുംബങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കി. ഇൗ പട്ടിക അതത് ഗ്രാമസഭ/വാര്‍ഡ് സഭകളില്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി അനര്‍ഹരെ ഒഴിവാക്കി അംഗീകാരം വാങ്ങി. ശേഷം തദ്ദേശ സ്ഥാപനതലത്തില്‍ അംഗീകാരം നല്‍കി 1,03,099 വ്യക്തികൾ ഉൾപ്പെടുന്ന 64,006 അതിദരിദ്ര കുടുംബങ്ങളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു.
ആകെ കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ 4,421 പേര്‍ മരണപ്പെട്ടു. മരണം വരെ അവര്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ സർക്കാർ ഉറപ്പാക്കിയിരുന്നു. 261 കുടുംബങ്ങൾ മറ്റ് സംസ്ഥാനങ്ങളില്‍ കുടിയേറിവരാണ്. അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ കുടുംബങ്ങൾ കേരളത്തിലേക്ക് മടങ്ങിവരുന്ന സമയത്ത് അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി സഹായങ്ങള്‍ നല്‍കും. 47 വ്യക്തികൾ നാടോടികള്‍ ആയത് മൂലം ഒന്നിലേറെ തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അവരെ പിന്നീട് ഒരു തദ്ദേശ സ്ഥാപനത്തില്‍ മാത്രം നിലനിര്‍ത്തി. ഇത്തരത്തില്‍ 4,729 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
വ്യക്തിഗത സൂക്ഷ്‌മ പദ്ധതി
ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ നാല് പ്രധാന ക്ലേശഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രക്രിയ നടത്തിയത്. ഓരോ കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കി അവരുടെ കൂടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരിഗണിച്ച് വിവരശേഖരണ സമയത്ത് ശേഖരിച്ച വിവരങ്ങൾക്ക് പുറമേ കുടുംബങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് വ്യക്തിഗത മൈക്രോപ്ലാനുകൾ അന്തിമമാക്കിയത്. ഓരോ കുടുംബത്തിന്റെയും ക്ലേശഘടകങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി ഹ്രസ്വകാല, ഇടക്കാല, ദീർഘകാല പരിപാടികളായി തരംതിരിച്ചാണ് മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയത്. ഉടൻ നൽകാവുന്ന സേവനങ്ങളും ആനുകൂല്യങ്ങളും ഹ്രസ്വകാല പദ്ധതികളിൽ ഉൾപ്പെടുത്തിയപ്പോള്‍, മൂന്ന് മാസം മുതൽ രണ്ട് വർഷത്തിനുള്ളിൽ ലഭ്യമാക്കാവുന്ന സേവനങ്ങളും സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ഇടക്കാല പ്ലാനുകള്‍ തയ്യാറാക്കിയത്. ഹ്രസ്വകാല പദ്ധതികളും ഇടക്കാല പദ്ധതികളും പ്രായോഗികമല്ലാത്തിടത്ത് ദീർഘകാല സമഗ്ര പദ്ധതികൾ തയ്യാറാക്കി.
അവകാശം അതിവേഗം
അടിസ്ഥാന രേഖകള്‍ പോലുമില്ലാതെ ബുദ്ധിമുട്ടിയിരുന്ന അതിദരിദ്രര്‍ക്ക് 'അവകാശം അതിവേഗം' യജ്‍ഞത്തിന്റെ ഭാഗമായി 21,263 അടിയന്തിരമായി ലഭിയ്ക്കേണ്ട സേവനങ്ങളും അടിസ്ഥാന രേഖകളും നല്‍കി. വോട്ടർ ഐഡി– 3836, ആരോഗ്യ ഇൻഷുറൻസ് – 3615, ആധാർ കാര്‍ഡ് - 3529, റേഷൻ കാർഡുകൾ (പരിവർത്തനം ഉൾപ്പെടെ) - 5132, മഹാത്മാഗാന്ധി NREGS തൊഴില്‍ കാർഡുകൾ – 1455, സാമൂഹ്യ സുരക്ഷാ പെൻഷൻ - 1378, ബാങ്ക് അക്കൗണ്ടുകള്‍ – 1043, കുടുംബശ്രീ അംഗത്വം – 584, ഭിന്നശേഷിക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ – 345, ഗ്യാസ് കണക്ഷൻ – 256, വീട് വയറിംഗ് – 57, പ്രോപ്പര്‍ട്ടി സർട്ടിഫിക്കറ്റ് – 22, ട്രാന്‍സ്ജണ്ടര്‍ ഐഡി – 11.
ഭക്ഷണം
വിശപ്പാണ് ദാരിദ്ര്യത്തിന്റെ ഏറ്റവും കഠിനമായ കാര്യം. അത് അനുഭവിച്ച്‌തന്നെ അറിയണം. അതിനാൽ പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ ഒരു കുടുംബത്തിന് ഭക്ഷണവും ചികിത്സയും ഉറപ്പ് വരുത്തി. മൂന്ന് നേരത്തെ ആഹാരം കണ്ടെത്താന്‍ കഴിയാത്ത 20,648 അതിദരിദ്ര കുടുംബങ്ങൾക്കായി ഇടതടവില്ലാത്ത ആഹാരം ഉറപ്പാക്കുന്നുണ്ട്. 18,438 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകള്‍ റേഷന്‍ കടകള്‍ വഴിയും സ്വയം പാചകം ചെയ്യാൻ കഴിയാത്ത 2210 കുടുംബങ്ങൾക്ക് പാചകം ചെയ്ത ആഹാരം കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലൂടെയും കമ്മ്യൂണിറ്റി പാചക കേന്ദ്രങ്ങളിലൂടെയും ഉറപ്പാക്കുന്നുണ്ട്. കൂടാതെ വാതില്‍പ്പടി സേവനമായും അതിദരിദ്രര്‍ക്ക് ആഹാരം നല്‍കുന്നുണ്ട്.
ആരോഗ്യം
ആരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ട 29,427 കുടുംബങ്ങളിൽ നിന്നുള്ള 85,721 വ്യക്തികൾക്ക് ചികിത്സയും മരുന്നും നല്‍കി. അതിൽ 14,862 ഏകാംഗ കുടുംബങ്ങൾക്ക് ആരോഗ്യ സഹായം നല്‍കി. 35,955 വ്യക്തികൾ ഇടതടവില്ലാതെ മരുന്നുകള്‍ ഉറപ്പാക്കി. 219 വ്യക്തികള്‍ക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കൂട്ടിരിപ്പ്കാരെ ആവശ്യമുള്ള 173 വ്യക്തികൾക്ക് അത് ഉറപ്പാക്കി. 5,777 രോഗികൾക്ക് പാലിയേറ്റീവ് ചികിത്സ നല്‍കുന്നുണ്ട്. ഏഴ് ഗുണഭോക്താക്കളെ അവയവ മാറ്റ ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ചു.
ഉപജീവന മാർഗം
ദാരിദ്ര്യം ഇല്ലാതാക്കാൻ ഏറ്റവും നല്ല മാർഗം വരുമാനം കണ്ടെത്താൻ സഹായിക്കുക എന്നതാണ്. അതിനാൽ സ്വയം വരുമാനദായക പ്രവർത്തനങ്ങൾ ആരംഭിക്കാൻ ശേഷിയുള്ള 4,394 കുടുംബങ്ങൾക്ക് സഹായം നല്‍കി. കുടുംബശ്രീ മിഷൻ ആരംഭിച്ച ‘ഉജ്ജീവനം’ പദ്ധതി മുഖേന 3,820 പേര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ട് 272 പേര്‍ക്കും മറ്റ് വകുപ്പുകള്‍ വഴി 212 പേര്‍ക്കും സ്വകാര്യ സ്ഥാപനങ്ങൾ മുഖേന 88 പേര്‍ക്കും ധനസഹായം, പരിശീലനം എന്നിവ നല്‍കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 34,672 കുടുംബങ്ങൾക്ക് അവിദഗ്ധ തൊഴിലിനായി തൊഴിൽ കാർഡുകൾ നല്‍കി.
2021-22-ൽ 6,085 കുടുംബങ്ങൾക്കും, 2022-23-ൽ 5,930 കുടുംബങ്ങൾക്കും 2023–-24-ൽ 7,784 കുടുംബങ്ങൾക്കും, 2024-25-ൽ 9,142 കുടുംബങ്ങൾക്കും, 2025-26-ൽ 6,100 കുടുംബങ്ങൾക്കും തൊഴില്‍ നല്‍കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അതിദരിദ്ര കുടുംബങ്ങൾക്കായി മൊത്തം 228 ജീവനോപാധികള്‍ നല്‍കുവാന്‍ സാധിച്ചു. കന്നുകാലി ഷെഡുകൾ - 47, ആട്ടിന്‍ കൂടുകൾ - 60, കോഴിക്കൂടുകള്‍ - 85, കിണറുകൾ - 29, മഴക്കുഴികൾ - 5, വ്യക്തിഗത കക്കൂസുകൾ - 2 എന്നിവയാണ് നല്‍കിയത്.
ഉപജീവനമാർഗമായി ലഭിച്ച പച്ചക്കറി കടയിൽ ഗീത
തലചായ്‌ക്കാനൊരിടം
മഴയത്തും കാറ്റത്തും വെയിലത്തും ഭയംകൂടാതെ അന്തിയുറങ്ങാനാകുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. അതിനാൽ പദ്ധതിയുടെ ഭാഗമായി നിരവധി കുടുംബങ്ങൾക്കാണ് വാസസ്ഥലം ലഭ്യമാക്കിയത്. 428 ഏകാംഗ കുടുംബങ്ങളെയും 520 മറ്റ് കുടുംബങ്ങളെയും ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി. അടച്ചുറപ്പുള്ള വാസസ്ഥലം ഇല്ലാതെ ബുദ്ധിമുട്ടുന്ന അതിദരിദ്ര കുടുംബങ്ങളില്‍ വീട് മാത്രം ആവശ്യമുള്ള കുടുംബങ്ങളും വസ്തുവും വീടും ആവശ്യമുള്ള കുടുംബങ്ങളും നേരത്തെ തന്നെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇൗ പദ്ധതിയില്‍ ഉള്‍പ്പെടാത്ത വീട് മാത്രം ആവശ്യമുള്ള കുടുംബങ്ങളെയും വസ്തുവും വീടും ആവശ്യമുള്ള കുടുംബങ്ങളെയും പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഉള്‍പ്പെടുത്തി അവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പുതിയ വീട് ആവശ്യമായിരുന്ന 4,677 ഗുണഭോക്താക്കളില്‍ 4,005 വീടുകളുടെ നിർമ്മാണം പൂർത്തിയായി. 672 വീടുകൾ വിവിധ നിർമ്മാണ ഘട്ടങ്ങളില്‍ പുരോഗതിയിലാണ്. വീടുകൾ പൂർത്തിയാകാത്ത 672 കുടുംബങ്ങൾ നിലവില്‍ വാടക വീടുകളിലോ സുരക്ഷിതമായി അവരുടെ ബന്ധുക്കളുടെ കൂടെയാണ് വസിക്കുന്നത്.
ഭൂമിയും വീടും ആവശ്യമായിരുന്ന 2,713 ഗുണഭോക്താക്കള്‍ക്ക് ആദ്യം ഭൂമി നൽകി, പിന്നീട് വീട് നിർമാണത്തിനായി സാമ്പത്തിക സഹായം നൽകി. 1,417 വീടുകളുടെ നിർമാണം പൂർത്തിയായി. 1,296 വീടുകൾ വിവിധ നിർമാണ ഘട്ടങ്ങളില്‍ പുരോഗതിയിലാണ്. പുനരുദ്ധാരണം ആവശ്യമുണ്ടായിരുന്ന 5,646 വീടുകളിൽ 5,522 വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂർത്തിയായിട്ടുണ്ട്.
അങ്ങനെ, നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ‘അതിദരിദ്രരില്ലാത്ത കേരളം’ പദ്ധതിയുടെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തുന്നതോടെ കേരളം വീണ്ടും ലോകത്തിന് വഴികാട്ടും.









0 comments