വിവാഹമോചനം കഴിഞ്ഞിട്ടും താലിമാല തിരികെ നൽകിയില്ല: മുൻ ഭാര്യ സഹോദരിയെയും സഹോദരനെയും വെട്ടിപ്പരിക്കേൽപപ്പിച്ചു

മേലാറ്റൂർ: രണ്ടാം ഭാര്യയുടെ വിവാഹമോചനം സംബന്ധിച്ചുള്ള വിരോധവും താലിമാല തിരികെ കിട്ടാത്തതിലുളള അമർഷവും മൂലം മുൻ ഭാര്യ സഹോദരിയെയും സഹോദരനെയും വെട്ടി പരിക്കേൽപ്പിച്ച് പ്രതി പൊലീസിൽ കീഴടങ്ങി. എടപ്പറ്റ പാതിരിക്കോട് അമ്പാഴപ്പറമ്പിലെ എടകള്ളിപ്പറമ്പൻ കേശവൻ ( 67 ) ആണ്
എടപ്പറ്റ വെള്ളിയഞ്ചേരി സ്വദേശിനിയും റിട്ട. അധ്യാപകിയുമായ പാങ്ങിൽ അംബിക (57 ), സഹോദരൻ മോഹൻദാസ് (45 ) എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വ്യാഴാഴ്ച പകൽ രണ്ടേകാലോടെ കിഴക്കുംപാടം വെള്ളാരംകുന്നിലായിരുന്നു സംഭവം.
ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് ഇരുവരെയും കേശവൻ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് അക്രമിച്ചത്. അതിനുശേഷം തന്റെ മോട്ടോർ സൈക്കിളിൽ കയറി വെട്ടുകത്തി സഹിതം മോലാറ്റൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.അംബികക്ക് കാലിനും അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ മോഹൻദാസിന്റെ കൈക്കുമാണ് വെട്ടേറ്റത്.
ഇരുവരും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കേശവന്റെ പേരിൽ കൊലപാതക ശ്രമത്തിന് കേസെടുത്തു.അംബികയുടെ സഹോദരിയെ കേശവൻ രണ്ടാം വിവാഹം ചെയ്തിരുന്നു. ഒരു വർഷം മുൻപ് ബന്ധം ഒഴിവാക്കിയിട്ടും മൂന്നു പവന്റെ താലിമാല തിരികെ കിട്ടാത്തതാണ് പ്രതിയെ കൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.









0 comments