ഉന്നതികൾ താണ്ടി അവർ പഠിക്കട്ടെ ; 35 എസ്‌ടി കുട്ടികൾക്ക് പ്രത്യേക ഉത്തരവിലൂടെ അധിക സീറ്റ്


ബിജോ ടോമി
Published on Oct 07, 2025, 02:38 AM | 1 min read
തിരുവനന്തപുരം
‘എന്തുപറയണം എന്നറിയില്ല, അത്രക്ക് സന്തോഷമുണ്ട്. കൂട്ടുകാരി അപർണ ഇൗ സ്‌കൂളിൽ ആണ് പഠിക്കുന്നത്. ഇനി ഞങ്ങൾക്ക് ഒരുമിച്ച് സ്‌കൂളിൽ പോകാം.’ – എങ്ങനെയാണ് സന്തോഷം പ്രകടിപ്പിക്കേണ്ടത് എന്നറിയാതെ അശ്വനി സംസാരം നിർത്തി. വയനാട് ബത്തേരി താലൂക്കിലെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ട അശ്വനി ഉൾപ്പെടെ 35 കുട്ടികൾക്കാണ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശ പ്രകാരം തിങ്കളാഴ്‌ച പ്ലസ് വണ്ണിന് പ്രവേശനം അനുവദിച്ച് പ്രത്യേക ഉത്തരവിറങ്ങിയത്.
‘കുറച്ച് ഓപ്‌ഷനേ അഡ്‌മിഷൻ സമയത്ത് കൊടുത്തിരുന്നുള്ളൂ. അലോട്ട്‌മെന്റുകളിൽ പ്രവേശനം കിട്ടിയില്ല. കൂട്ടുകാരൊക്കെ സ്‌കൂളിൽ ചേർന്നപ്പോൾ വിഷമം ഉണ്ടായിരുന്നു. എനിക്ക് അമ്മ മാത്രേ ഉള്ളൂ, കൂലിപ്പണിയാണ്. അതോണ്ട് വലിയ പൈസയൊന്നും കൊടുത്ത് പഠിക്കാൻ കഴിയൂലാ. ഇനിയിപ്പം സ്‌കൂളിൽ പോകാമല്ലോ’. കഴമ്പ് പട്ടണംചിറ നഗറിൽ അശ്വനി ഗോപി പറഞ്ഞു. പത്താം ക്ലാസ് വരെ പഠിച്ച ബത്തേരി ചീരാൽ ഗവ. എച്ച്‌എസ്‌എസിലാണ് അശ്വനിക്ക് പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചത്. ‘ഒരു വർഷം നഷ്‌ടപ്പെടുമെന്നാണ് കരുതിയെ, ഇപ്പോ ആശ്വാസമായി’ – ആനപ്പാറ ജിഎച്ച്‌എസ്‌എസിൽ പ്രവേശനം ലഭിച്ച താഴത്തൂർ നൂലക്കുന്ന് നഗറിലെ കെ എം അമൽ കൃഷ്‌ണ പറഞ്ഞു.
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ സമയത്ത് വിവിധ കാരണങ്ങളാൽ പ്രവേശനം ലഭിക്കാതിരുന്ന പട്ടികവർഗം വിഭാഗം കുട്ടികൾക്കാണ് സർക്കാരിന്റെ കരുതലിൽ തുടർപഠനം സാധ്യമായത്.മന്ത്രിക്ക് ലഭിച്ച അപേക്ഷയെതുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് അലോട്ട്‌മെന്റ് സമയത്ത് അപേക്ഷിച്ച ആദ്യ മൂന്ന് ഓപ്‌ഷനുകളിൽ ഒന്നിൽ അധിക സീറ്റ് സൃഷ്‌ടിച്ചാണ് പ്രവേശനം നൽകിയത്. അതാത് പ്രിൻസിപ്പൽമാർ പ്രവേശനം ലഭിച്ച വിദ്യാർഥികളെ ബന്ധപ്പെട്ട് യോഗ്യതാ മാനദണ്ഡം ഉറപ്പാക്കി പ്രവേശനം പൂർത്തിയാക്കണം.









0 comments