എസ്എസ്എൽസി പരീക്ഷാഫലം മെയ്‌ ഒൻപതിന്‌

question paper sslc.
വെബ് ഡെസ്ക്

Published on Apr 29, 2025, 12:45 PM | 1 min read

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ്‌ ഒൻപതിന്‌ പ്രഖ്യാപിക്കും. എസ്‌എസ്‌എൽസി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും അന്നേ ദിവസം തന്നെ പ്രഖ്യാപിക്കും.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു. ഈ വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകൾ 2025 മാർച്ച് മൂന്നിന്‌ ആരംഭിച്ച് മാർച്ച് 26നാണ്‌ അവസാനിച്ചത്‌.


സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തി തൊള്ളായിരത്തി അറുപത്തി നാല് (2,964) കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഇരുപത്തിയൊന്ന് (4,27,021) വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി. അതിൽ ആൺകുട്ടികൾ രണ്ട് ലക്ഷത്തി പതിനേഴായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റിയാറും (2,17,696) പെൺകുട്ടികൾ രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി മുന്നൂറ്റി ഇരുപത്തിയഞ്ചുമാണ് (2,09,325).


സർക്കാർ മേഖലയിൽ ഒരു ലക്ഷത്തി നാൽപത്തി രണ്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയെട്ട് (1,42,298) വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ രണ്ട് ലക്ഷത്തി അമ്പത്തി അയ്യായിരത്തി തൊണ്ണൂറ്റി രണ്ട് (2,55,092) വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ ഇരുപത്തിയൊമ്പതിനായിരത്തി അറുന്നൂറ്റി മുപ്പത്തിയൊന്ന് (29,631) വിദ്യാർത്ഥികളുമാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ അറുന്നൂറ്റി എൺപത്തി രണ്ട് (682) വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ നാന്നൂറ്റി നാൽപത്തിയേഴ് (447) വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ എട്ട്‌ കുട്ടികളും പരീക്ഷ എഴുതി.


റ്റിഎച്ച്എസ്എൽസി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി മൂവായിരത്തി അമ്പത്തിയേഴ് (3,057) കുട്ടികളാണ് പരീക്ഷ എഴുതിയത്. അതിൽ ആൺകുട്ടികൾ രണ്ടായിരത്തി എണ്ണൂറ്റി പതിനഞ്ചും (2,815) പെൺകുട്ടികൾ ഇരുന്നൂറ്റി നാൽപത്തി രണ്ടുമാണ്(242).


ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളിൽ അറുപത്തിയഞ്ച് വിദ്യാർത്ഥികളും എസ്എസ്എൽസി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി ഇരുന്നൂറ്റിയാറ് (206) വിദ്യാർത്ഥികളും റ്റിഎച്ച്എസ്എൽസി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 12 വിദ്യാർത്ഥികളും പരീക്ഷ എഴുതി.



deshabhimani section

Related News

View More
0 comments
Sort by

Home