എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ

ഫയൽ ചിത്രം
തിരുവനന്തപുരം : എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് മന്ത്രി വിദ്യാർഥികളോട് പറഞ്ഞു. എസ്എസ്എല്‍സി /റ്റിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 3ന് ആരംഭിച്ച് 26ന് അവസാനിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗള്‍ഫ്മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്. 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
സര്‍ക്കാര്‍ സ്കൂളുകളിൽ 1,42,298 പേരും എയിഡഡ് സ്കൂളുകളിൽ 2,55,092 പേരും അണ്‍ എയിഡഡ് സ്കൂളുകളിൽ 29,631 പേരും റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതുന്നു. ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്കീമില്‍ (പിസിഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്.
മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893). ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പികെഎംഎംഎച്ച്എസ്എസ് എടരിക്കോട് ആണ്. കുട്ടികളുടെ എണ്ണം 2,017. ഏറ്റവും കുറച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിലെ ഗവ. സംസ്കൃതം എച്ച്എസ് ഫോര്‍ട്ടിലാണ് (ഒരു കുട്ടി).
റ്റിഎച്ച്എസ്എല്‍സി വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. (ആണ്‍കുട്ടികള്‍ - 2,815, പെണ്‍കുട്ടികള്‍ - 242). എഎച്ച്എസ്എല്‍സി വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. ആര്‍ട്ട് ഹയര്‍ സെക്കൻഡറി സ്കൂള്‍ കലാമണ്ഡലം, ചെറുതുരുത്തി. കുട്ടികളുടെ എണ്ണം 65. എസ്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 കുട്ടികൾ. റ്റിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 1 പരീക്ഷാ കേന്ദ്രമാണുളളത്. കുട്ടികളുടെ എണ്ണം12.
സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം ഏപ്രിൽ 3 മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഏപ്രില്‍ 3 മുതൽ 11 വരെ ആദ്യഘട്ടവും 21 മുതൽ 26 വരെ രണ്ടാംഘട്ടവും നടക്കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കുളള അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെയും, അസിസ്റ്റന്‍റ് എക്സാമിനര്‍മാരുടെയും നിയമന ഉത്തരവുകള്‍ മാർച്ച് 10 മുതല്‍ പരീക്ഷാഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് മുന്നോടിയായുളള സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് മൂന്നാംവാരത്തില്‍ ആരംഭിക്കും.
ഹയർ സെക്കൻഡറി വിഭാഗം
2025 ലെ ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെ ഒമ്പതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം വര്‍ഷ ഹയർ സെക്കൻഡറി പരീക്ഷയോടൊപ്പം ഒരേ ടൈംടേബിളിലാണ് 2024ൽ നടന്ന ഒന്നാം വര്‍ഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷകൾ നടത്തുന്നത്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഉച്ചയ്ക്കു ശേഷമാണ് ഹയര്‍സെക്കൻഡറി പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്.
29നുള്ള ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംഗ്ലീഷ് പരീക്ഷ സമയക്രമം രാവിലെ 09.30 മുതൽ 12.15 വരെയായി പുന:ക്രമീകരിച്ചിട്ടുണ്ട്. 4,13,417 വിദ്യാർഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,44,693 വിദ്യാർഥികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 3,16,299 വിദ്യാർഥികൾ ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷയും എഴുതുന്നു. ഹയർസെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി ആകെ 11,74,409 കുട്ടികൾ പരീക്ഷ എഴുതുന്നുണ്ട്
ഹയർ സെക്കൻഡറി പരീക്ഷകൾക്കായി 2000 പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. 2000 പരീക്ഷ കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്നുള്ള പരീക്ഷ കേന്ദ്രങ്ങൾ -1981, ഗൾഫ് - 8, ലക്ഷദ്വീപ് - 9, മാഹി - 2. ഹയർ സെക്കൻഡറി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി 89 ക്യാമ്പുകൾ (സിംഗിൾ വാല്വേഷൻക്യാമ്പ്-63, ഡബിൾ വാല്വേഷൻ ക്യാമ്പ് -26) സജ്ജീകരിച്ചിട്ടുണ്ട്. മൂല്യനിര്‍ണ്ണയം ഏപ്രിൽ 3 മുതൽ ആരംഭിക്കും.
വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാഗം
സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളുകളിലായി മാര്‍ച്ചില്‍ നടത്തുന്ന ഒന്നാംവര്‍ഷ റഗുലര്‍/ഇംപ്രൂവ്മെന്‍റ് പൊതുപരീക്ഷ മാര്‍ച്ച് 6 മുതല്‍ ആരംഭിച്ച് 29 മാര്‍ച്ചിന് അവസാനിക്കുന്നതും രണ്ടാംവര്‍ഷ പൊതുപരീക്ഷ മാര്‍ച്ച് 3 ന് ആരംഭിച്ച് മാര്‍ച്ച് 26 ന് അവസാനിക്കുന്നതുമാണ്.
ഒന്നാംവര്‍ഷ പൊതുപരീക്ഷയ്ക്ക് റഗുലര്‍ വിഭാഗത്തില്‍ 26831 വിദ്യാര്‍ത്ഥികളും ഇംപ്രൂവ്മെന്‍റ് വിഭാഗത്തില്‍ 22740 വിദ്യാര്‍ത്ഥികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റഗുലര്‍ വിഭാഗത്തില്‍ 16259 ആണ്‍കുട്ടികളും 10572 പെണ്‍കുട്ടികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടാംവര്‍ഷ പൊതു പരീക്ഷയ്ക്കായി റഗുലര്‍ വിഭാഗത്തില്‍ 26372 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 2215 വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആകെ 28587 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടാംവര്‍ഷ റഗുലര്‍ വിഭാഗത്തില്‍ 15811 ആണ്‍കുട്ടികളും 10561 പെണ്‍കുട്ടികളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.









0 comments