ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കൂടുതൽ ഉയരങ്ങളിലേക്ക്

കൊല്ലം
മൂന്നുവർഷംകൊണ്ട് വിദൂര വിദ്യാഭ്യാസ മേഖലയിൽ സ്വന്തമായ മുദ്രപതിപ്പിച്ച ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കൂടുതൽ ഉയരങ്ങളിലേക്ക്. വൈവിധ്യമാർന്ന 31 ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് യുജിസി അംഗീകാരം ലഭിച്ചതും സർവകലാശാലയ്ക്ക് തിളക്കമായി. 2022ൽ അയ്യായിരത്തിലേറെ പഠിതാക്കളുമായി തുടങ്ങിയ സർവകലാശാലയിൽ ഈ വർഷത്തെ പ്രവേശനം പൂർത്തിയാകുന്നതോടെ പഠിതാക്കളുടെ എണ്ണം എഴുപതിനായിരത്തിലേറെ ആകും. എല്ലാ ജില്ലകളിലുമായുള്ള പഠനകേന്ദ്രങ്ങളുടെ എണ്ണം 45ആയി ഉയർന്നു.
സർവകലാശാലയ്ക്ക് ക്യാമ്പസ് നിർമിക്കുന്നതിനായി സർക്കാർ വാങ്ങിനൽകിയ എട്ടേക്കർ ഭൂമിയിൽ ക്യാമ്പസ് നിർമാണം ഉടൻ ആരംഭിക്കും. സെമസ്റ്റർ പരീക്ഷകൾ യഥാസമയം നടത്തിയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചും സമയബന്ധിതമായി പ്രോഗ്രാമുകൾ പൂർത്തീകരിക്കുന്നു. എന്നാൽ, മറ്റ് സർവകലാശാലകൾക്ക് ഉള്ളതുപോലെ അഫിലിയേറ്റഡ് കോളേജുകളോ സ്ഥിരം ജീവനക്കാരോ ഓപ്പൺ സർവകലാശാലയ്ക്ക് ഇല്ല.
എല്ലാം, നിയമവും യോഗ്യതയും സംവരണക്രമവും പാലിച്ച് സർക്കാർ കരാർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുള്ള തസ്തികകളാണുള്ളത്. പഠിതാക്കളുടെ എണ്ണം വർധിക്കുന്പോൾ ആവശ്യമായ അധ്യാപക, അനധ്യാപക തസ്തികകൾ യൂണിവേഴ്സിറ്റി ആക്ട് 2021 അനുസരിച്ച് സിൻഡിക്കറ്റ് തീരുമാന പ്രകാരം താൽക്കാലികമായി സൃഷ്ടിക്കുന്നു. ഇത് സർക്കാരിന്റെ അംഗീകാരത്തിനും സമർപ്പിക്കും. കൃത്യമായി പഠന ക്ലാസുകളും പരീക്ഷകളും നടത്തുന്നതിനും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനും കൂടുതൽ ജീവനക്കാർ ആവശ്യമാണ്. എല്ലാ നിയമനങ്ങളും യുജിസിയുടെയും സർക്കാരിന്റെയും നിയമങ്ങളും യോഗ്യതകളും സംവരണക്രമങ്ങളും പാലിച്ചാണ് നടത്തിയിട്ടുള്ളത്. 2021 ൽ പ്രവർത്തനം തുടങ്ങിയ സർവകലാശാലയുടെ നാല് സാന്പത്തിക വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട് ഓഡിറ്റ് വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ റിപ്പോർട്ടിലും സർവകലാശാലയുടെ സാമ്പത്തിക ഇടപാടുകളിലെയും നിയമനങ്ങളിലെയും സുതാര്യത വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഇപ്പോൾ ഓഡിറ്റ് വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 2023-–24ലെ ഓഡിറ്റ് റിപ്പോർട്ടിന്റെ ഭാഗം രണ്ടിൽ വരവിനങ്ങളിലെ നഷ്ടം എന്ന ഭാഗത്തും, ഭാഗം മൂന്നിൽ ചെലവിനങ്ങളിലെ നഷ്ടം എന്ന ഭാഗത്തും ഒരു തുകയും നഷ്ടം ഇല്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് സർവകലാശാലയുടെ സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയാണെന്ന് വൈസ് ചാൻസലർ ഡോ. വി പി ജഗതിരാജ് പറഞ്ഞു.









0 comments