വേടന്റെ പാട്ടിലെ 'കപടദേശവാദി' മോദി എന്ന് സ്വയം കൂട്ടിച്ചേർത്ത് ആർ ശ്രീലേഖ

തിരുവനന്തപുരം: റാപ്പർ വേടനെതിരെ എഴുതിയ കുറിപ്പിൽ, പാട്ടിൽ ഇല്ലാത്ത വാക്ക് കൂട്ടിച്ചേർത്ത് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. റാപ്പർ വേടന് സംസ്ഥാന സർക്കാർ നൽകിയ അവാർഡിനെ വിമർശിച്ചുകൊണ്ടുള്ള കുറിപ്പിലാണ്, ഇല്ലാത്ത ഒരു വാക്ക് കൂട്ടിച്ചേർത്ത് ശ്രീലേഖ 'സ്വയം തിരുത്ത്' വരുത്തിയത് ശ്രദ്ധേയമായത്. പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ചുള്ള വിമർശനമാണ് ഗാനത്തിന് അവാർഡ് നേടിക്കൊടുത്തതെന്ന രീതിയിലായിരുന്നു ശ്രീലേഖയുടെ ഈ പദപ്രയോഗം.
വേടൻ്റെ പ്രശസ്തമായ 'വോയ്‌സ് ഓഫ് വോയ്‌സ്' എന്ന പാട്ടിലെ വരികളാണ് ശ്രീലേഖ ഉദ്ധരിച്ചത്. എന്നാൽ യഥാർത്ഥ ഗാനത്തിലെ വരികൾക്കിടെ അതിലില്ലാത്ത 'മോദി' എന്ന വാക്ക് ശ്രീലേഖ സ്വന്തമായി കൂട്ടിച്ചേർക്കുകയായിരുന്നു.
ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിൽ അവർ ഉദ്ധരിച്ച ഗാനത്തിലെ ഭാഗം ഇങ്ങനെ:
"മോദി കപട ദേശവാദി, നാട്ടിൽ മത ജാതി വ്യാധി ഈ തലവനില്ല ആധി നാട് ചുറ്റാൻ നിന്റെ നികുതി വാളെടുത്തവന്റെ കയ്യിൽ നാട് പാതി വാക്കെടുത്തവൻ ദേശദ്രോഹി, തീവ്രവാദി!"
വേടൻ്റെ പാട്ടിലെ യഥാർത്ഥ വരികള്‍:
"കപടദേശവാദി നാട്ടിൽ മതജാതി വാദി തലവനില്ല ആദിനാട് ചുറ്റിടാൻ നിൻറെ നികുതി വാളെടുത്തവൻറെ കയ്യിലാണ് നാടു പകുതി വാക്കെടുത്തവൻ ദേശദ്രോഹി തീവ്രവാദി"
രാജ്യത്തെ 'തലവനെ' പൊതുവായി വിമർശിക്കുന്ന വരികളെ, മുൻ ഡിജിപി സ്വന്തം നിലയ്ക്ക് 'മോദി' എന്ന് കൂട്ടിച്ചേർത്ത് വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
പോസ്റ്റിനു താഴെ ശ്രീലേഖയെ വിമർശിച്ചുകൊണ്ട് നിരവധി പേർ എത്തി. ഈ വരികൾ മോഡിയെ ഉദ്ദേശിച്ചത് എന്ന് നിങ്ങൾക്ക് തോന്നിയതെങ്കിൽ അപ്പോൾ മോഡി അങ്ങനെ ആണെന്ന് മനസ്സിലായി അല്ലെ.. എന്നായിരുന്നു ഇതിന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന്റെ കമൻ്.
മോദി എന്ന് വേടൻ എഴുതിയിട്ടില്ല നിങ്ങൾക്ക് ആ പേരാണ് അവിടെ ചേരുന്നതെന്ന് തോന്നിയോ? മറ്റൊരാൾ ചോദിച്ചു.










0 comments