വൃദ്ധയെ കൊലപ്പെടുത്തിയ മകൻ കുറ്റക്കാരൻ; ശിക്ഷ 28ന്


സ്വന്തം ലേഖകൻ
Published on Jul 26, 2025, 07:13 PM | 1 min read
തലശേരി: അമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ കുറ്റക്കാരനാണെന്ന് തലശേരി അഡീഷണൽ സെഷൻസ് (ഒന്ന്) കോടതി ജഡ്ജി ഫിലിപ്പ് തോമസ് വിധിച്ചു. ചാവശേരി ഉളിയിൽ വെമ്പടിച്ചാൽ വീട്ടിൽ പാർവതിയമ്മയെ (86) കൊലപ്പെടുത്തിയ കേസിലാണ് മകൻ കെ സതീശനെ (49) കുറ്റക്കാരനായി കണ്ടെത്തിയത്. ശിക്ഷ 28ന് പ്രഖ്യാപിക്കും.
സ്വത്തു വിറ്റുകിട്ടിയ പണം മദ്യപാനിയായ മകൻ ധൂർത്തടിച്ചതിനെ അമ്മ ചോദ്യം ചെയ്തതാണ് നിഷ്ഠുരമായ കൊലപാതകത്തിന് കാരണം. പാർവതിയമ്മയുടെ ഏകമകനാണ് പ്രതി. 2018 മെയ് 13ന് പകൽ 3.30നാണ് കേസിനാസ്പദമായ സംഭവം. ചാവശേരിയിലെ വീട്ടിൽവച്ച് പ്രതി അമ്മയെ കട്ടിലിൽ കിടത്തി ദേഹത്തു കയറിയിരുന്ന് കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊന്നുവെന്നാണ് കേസ്. വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. കൃത്യം നടത്തുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ബന്ധുവും അയൽക്കാരനുമായ വിനീഷിന്റെ പരാതിയിൽ മട്ടന്നൂർ എസ്ഐ ചോടോത്ത് ശിവനാണ് കേസെടുത്തത്.
ഡിവൈഎസ്പിമാരായിരുന്ന എ വി ജോൺ അന്വേഷണം നടത്തുകയും ജോഷി ജോസ് കുറ്റപത്രം സമർപ്പിക്കുകയുംചെയ്തു. പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകളും 12 തൊണ്ടി മുതലുകളും തെളിവിലേക്ക് ഹാജരാക്കുകയുംചെയ്തു. പ്രതിയുടെ മകൾ എൻ വി ആര്യ, അയൽക്കാരായ വിജയൻ, രാജീവൻ, പ്രദീപൻ, ഫോറൻസിക് സർജൻ ഡോ ഗോപാലകൃഷ്ണൻ പിള്ള, പൊലിസുകാരായ കെ അനിൽ, കെ വി വിനോദ്, രൂപേഷ്, ഐഡിയ നോഡൽ ഓഫീസർ അഗസ്റ്റിൻ ജോസഫ്, ബിഎസ്എൻഎൽ നോഡൽ ഓഫീസർ കെ എ ഷോബിൻ, വില്ലേജ് ഓഫിസർ മുഹമ്മദ് അഫ്‌സൽ, പി പി ജോസഫ്, എഎസ്ഐ പ്രഭാകരൻ എന്നിവരായിരുന്നു പ്രധാന സാക്ഷികൾ. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ ഇ ജയറാം ദാസ് ഹാജരായി.









0 comments