സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം: സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് : വിദ്യാഭ്യാസ- ആരോഗ്യ- തൊഴിൽ മേഖലക്ക് മുൻഗണന നൽകി ഈ വർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം പട്ടികജാതി - പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ട് മുതൽ 15 വരെ നടത്തും. പക്ഷാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴം പകൽ 12 ന് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ഒ ആർ കേളു അധ്യക്ഷനാകും. ഡിസംബർ 31നകം 500 പേർക്ക് തൊഴിൽ ഉറപ്പാക്കുന്ന വിജ്ഞാനകേരളം ആക്ഷൻ പ്ലാൻ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കും. ട്രൈബൽ പ്ലസ് പദ്ധതിയിലൂടെ കൂടുതൽ തൊഴിൽ ഉറപ്പാക്കിയ പഞ്ചായത്തുകൾക്ക് ഗോത്ര സമൃദ്ധി പുരസ്കാര വിതരണവും എല്ലാ പട്ടിക വർഗ വിഭാഗങ്ങൾക്കും അടിസ്ഥാന രേഖകൾ ലഭ്യമാക്കി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്ന എബിസിഡി പദ്ധതിയുടെ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കും.
മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയാകും. ജില്ലാ കലക്ടറും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. വിവിധ വകുപ്പുകളുമായി ചേർന്ന് പട്ടിക വിഭാഗ - പിന്നാക്ക വികസന വകുപ്പാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും എന്നതാണ് ഈ വർഷത്തെ ഐകൃദ്യാർഢ്യ സന്ദേശം. മഹാത്മ ഗാന്ധി - ശ്രീ നാരായണഗുരു സമാഗമത്തിൻ്റെ നൂറാം വാർഷിക അനുസ്മരണവും ഇത്തവണത്തെ ഐക്യദാർഢ്യ പക്ഷാചരണ ഭാഗമായി നടക്കും. സമാപനം 15 ന് തിരുവനന്തപുരം ആര്യനാട് നടത്തും. ഓരോ നിയോജക മണ്ഡലത്തിലും പഞ്ചായത്തുകളിലും പരിപാടികൾ സംഘടിപ്പിക്കും. രണ്ടാഴ്ചത്തെ ഓരോ ദിവസവും പ്രത്യേക വിഷയത്തെ അധികരിച്ചുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുക.
ശുചിത്വം, ലഹരി വിരുദ്ധ പ്രചാരണങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ആവാസ ദിനം, തൊഴിൽ കാമ്പയിൻ, തൊഴിലുറപ്പ്, ഗാന്ധി - ശ്രീനാരായണഗുരു സമാഗമത്തിൻ്റെ നൂറാം വാർഷികം, വനാവകാശം, അതിക്രമം തടയൽ, ഐശ്വര്യ ഗ്രാമവികസന പദ്ധതി ആരംഭം, ദുരന്ത സാധ്യതാ വിഷയങ്ങൾ, ഹോസ്റ്റലുകളിലെ സോഷ്യൽ ഓഡിറ്റ് എന്നിങ്ങനെയാണ് വിഷയങ്ങൾ. 15,000 സേഫ് വീടുകൾ പൂർത്തിയായതിൻ്റെ പ്രഖ്യാപനം, 5000 പട്ടിക വിഭാഗക്കാർക്ക് തൊഴിലവസരങ്ങൾ ഉറപ്പിക്കൽ, ജീവിതശൈലി രോഗ നിർണയ ക്യാമ്പുകൾ, ചെറുകിട സംരംഭകർക്കുള്ള ടോപ് അപ്പ് ലോൺ സമൃദ്ധി കേരളം പദ്ധതിയുടെ വായ്പാ വിതരണം തുടങ്ങി വിവിധ പ്രവർത്തനങ്ങളും ഇതോടൊപ്പം നടത്തും.








0 comments