യുഡിഎഫ് കാലത്ത് 18 മാസം പെൻഷൻ കുടിശ്ശിക
print edition പ്രതിപക്ഷ ‘വെല്ലുവിളി’ ഉമ്മൻചാണ്ടിയോട്

കുടിശ്ശിക ഉൾപ്പെടെ 15000 രൂപ പെൻഷൻ വാങ്ങിയവരുടെ പ്രതികരണവും രസീതിയും. ( ഡോ. തോമസ് ഐസക് എഫ്‌ബിയിൽ പങ്കുവച്ചത് )
തിരുവനന്തപുരം
ക്ഷേമപെൻഷൻ ഉൾപ്പെടെ പാവപ്പെട്ടവർക്കുള്ള എല്ലാ ആനുകൂല്യവും സർക്കാർ വർധിപ്പിച്ചതോടെ പഴയ നുണ ആവർത്തിച്ച് പ്രതിപക്ഷവും ചില യുഡിഎഫ് മാധ്യമങ്ങളും. പെൻഷൻ തുടങ്ങിയത് യുഡിഎഫാണ്, 18 മാസം കുടിശിക വരുത്തിയിട്ടില്ല, ഇപ്പോഴത്തെ വർധന തെരഞ്ഞെടുപ്പ് സ്‌റ്റണ്ടാണ് തുടങ്ങി വ്യാജ കാർഡുകളാണ് ഇറക്കുന്നത്.
11 മാസം ക്ഷേമ പെൻഷൻ മുടങ്ങിയിട്ടുണ്ടെന്ന് 2015 ഡിസംബറിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മതിച്ചിട്ടുണ്ട്. ഓണക്കാലത്ത് പോലും പെൻഷൻ നൽകിയില്ല. ഇനി പെൻഷൻ കൊടുത്തുവെന്ന് ഉറപ്പുവരുത്തിയിട്ടേ താൻ ശന്പളം വാങ്ങൂ എന്നും ഉമ്മൻചാണ്ടിക്ക് പറയേണ്ട അവസ്ഥയുണ്ടായി.
അതേ മന്ത്രിസഭയിലെ സാമൂഹ്യക്ഷേമ മന്ത്രിയായിരുന്ന എം കെ മുനീർ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിവിധ പെൻഷൻ എട്ടും പത്തും മാസം മുടങ്ങിയെന്ന് അറിയിച്ചിരുന്നു. അത് തന്നെ രണ്ടും മൂന്നും മാസം കുറച്ചാണ് കാണിച്ചതെന്ന് ആക്ഷേപവുമുയർന്നിരുന്നു. കുടിശികയുണ്ടെന്ന് സമ്മതിച്ച് നാലുമാസം കഴിഞ്ഞപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അതിനിടയിൽ എല്ലാമാസവും പെൻഷൻ നൽകിയതായോ കുടിശ്ശിക തീർത്തതായോ ഒരു തെളിവുമില്ല.
അതേസമയം, 2016 ൽ എൽഡിഎഫ് സർക്കാർ വന്നശേഷം 18 മാസത്തെയും ചില പഞ്ചായത്തുകളിൽ അതിൽ കൂടുതലും തുകയും കുടിശ്ശിക തീർത്തു. 600 രൂപ ആയിരുന്നു അക്കാലത്ത് പെൻഷൻ.
15000 രൂപ വരെ കുടിശിക ഒന്നിച്ച് കൊടുത്തതിനുള്ള തെളിവും പുറത്തുവന്നിട്ടുണ്ട്. ഫലത്തിൽ വി ഡി സതീശൻ വെല്ലുവിളിക്കുന്നത് 2011–16 കാലത്തെ ഉമ്മൻചാണ്ടി സർക്കാരിനെ തന്നെയാണ്.

പെൻഷൻ മുടങ്ങിയത് സംബന്ധിച്ച്
അന്നത്തെ മന്ത്രി എം കെ മുനീർ
നിയമസഭയിൽ നല്‍കിയ മറുപടി









0 comments