print edition തരുമെന്ന് പറഞ്ഞാൽ തരും, അതുറപ്പാ

ക്ഷേമപെൻഷന്റെ വിശേഷങ്ങൾ പറഞ്ഞ് സരോജവും ആമിനയും കൽപ്പറ്റ തൂർക്കി വട്ടത്തുവയലിൽ വീട്ടിൽ ഫോട്ടോ: ബിനുരാജ്
വി ജെ വർഗീസ്
Published on Nov 12, 2025, 02:45 AM | 1 min read
കൽപ്പറ്റ: ‘ആരും തരാനില്ലാത്തവർക്ക് സർക്കാരല്ലേയുള്ളൂ. കിട്ടാതിരുന്ന പെൻഷനൊക്കെ തന്നു തീർത്തതാ. ഇടതുപക്ഷം തരുമെന്ന് പറഞ്ഞാൽ തരും. അതുറപ്പാ. ഇനി മുതൽ രണ്ടായിരം കിട്ടും. വയസായവർക്കുള്ളതൊന്നും സർക്കാർ മുടക്കീട്ടില്ല’ – കൽപ്പറ്റ തുർക്കി വട്ടക്കാരിവയലിൽ വീടിന്റെ പടിയിലിരുന്ന് സരോജം പറയുമ്പോൾ അയൽപക്കത്തെ കൂട്ടുകാരി ആമിനയും ഒപ്പം ചേർന്നു.
‘ഞങ്ങൾ ഒറ്റയ്‌ക്കാണെങ്കിലും പെൻഷനുള്ളതുകൊണ്ട് മരുന്നും ഭക്ഷണവും മുടങ്ങീല്ല.’ – എഴുപത്തിമൂന്നുകാരി കളത്തിൽ തൊടിയിൽ ആമീനയ്‌ക്കും ക്ഷേമപെൻഷന്റെ ആശ്വാസമുണ്ട്.
സരോജത്തിന് എഴുപത്തിയഞ്ച് പിന്നിട്ടു. ഏഴുമാസം മുമ്പ് ഭർത്താവ് ചന്ദ്രശേഖരൻ മരിച്ചു. ഇപ്പോൾ തനിച്ചാണ്. മക്കളില്ല. ചന്ദ്രശേഖരനും മരണംവരെ പെൻഷനുണ്ടായിരുന്നു. ‘ഭർത്താവ് മരിച്ച് പിറ്റേദിവസവും പെൻഷനുമായി ആളുവന്നു. ഞാൻ വാങ്ങിയില്ല. ആള് മരിച്ചെന്ന് പറഞ്ഞു. 2015ൽ കുറേമാസം കിട്ടാതാതിരുന്ന പെൻഷൻ ഒന്നിച്ചുതന്ന സർക്കാരല്ലേ. പിന്നെന്തിനാ അർഹതയില്ലാത്തത് വാങ്ങുന്നത്’ – സരോജം പറഞ്ഞു. തനിച്ചാണ് ആമിനയുടെ ജീവിതവും.
ഭർത്താവോ, മക്കളോ ഇല്ല. യുഡിഎഫ് കാലത്ത് കുടിശ്ശികയായിരുന്ന പെൻഷൻ പിന്നീട് ഒരുമിച്ചുകിട്ടിയ അനുഭവം ആമിനയും ഓർത്തെടുത്തു. ‘കുറേ മാസം കിട്ടാതായപ്പോൾ ഇനി പെൻഷനുണ്ടാകില്ലെന്നുവരെ ആളുകൾ പറഞ്ഞു. എന്നാൽ എല്ലാം കിട്ടി. പിന്നെ കൂട്ടിക്കൂട്ടി തന്നു. ഇനി രണ്ടായിരം കിട്ടും’– ആമിന പറഞ്ഞു.

ക്ഷേമപെൻഷൻ വാങ്ങിയ കോഴിക്കോട് മുണ്ടക്കൽ സ്വദേശി
നാരായണി അമ്മയുടെ സന്തോഷം









0 comments